അന്തരിച്ച പ്രശസ്ത സാഹിത്യകാരന് പുനത്തില് കുഞ്ഞബ്ദുള്ളയുമായുള്ള അനുഭവങ്ങള് ഓര്ത്തെടുക്കുകയാണ് എഴുത്തുകാരന് താഹ മാടായി. മുമ്പൊരിക്കല് ഒരു കോളേജ് ഡേ ഉദ്ഘാടന പരിപാടിക്ക് പുനത്തിലിനൊപ്പം പോയപ്പോള് സാക്ഷിയായ രസകരമായ സംഭവവും അതിലൂടെ അനുഭവിക്കേണ്ടി വന്ന മാനസിക സംഘര്ഷങ്ങളുമാണ് താഹ മാടായി റിപ്പോര്ട്ടര് ടിവിയോട് പങ്കുവെച്ചത്. 'ജീവിതം പറയുന്നു, താഹ മാടായി' എന്ന വീഡിയോ പരമ്പരയിലാണ് അദ്ദേഹം ഇക്കാര്യങ്ങള് ഓര്ത്തെടുത്തത്.
പുനത്തില് കുഞ്ഞബ്ദുള്ള എന്ന സാഹിത്യകാരന് തിളങ്ങി നില്ക്കുന്ന കാലം. അന്ന്, ഒരു കോളേജ് ഡേ ഉദ്ഘാടനത്തിന് പോയ പുനത്തിലിനെ കാത്ത് ഒട്ടനവധി വിദ്യാര്ത്ഥികളും ആരാധകരുമുണ്ടായിരുന്നു. ഒരു വനിതാ പ്രിന്സിപ്പലായിരുന്നു ആ കോളേജിന് ഉണ്ടായിരുന്നത്. പുതുവര്ഷത്തോടനുബന്ധിച്ചുള്ള ഒരു ദിവസമായിരുന്നു പരിപാടി. അതിനാല് ഒരു കേക്ക് വേദിയില് കൊണ്ട് വെച്ചിരുന്നു. പുനത്തില് കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കണം. ഇതായിരുന്നു സംഘാടകര് തീരുമാനിച്ചിരുന്നത്.
എന്നാല് പുനത്തില് ചെയ്തത് മറ്റൊന്നായിരുന്നു. അവിടെ കൂടിയ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പ്രിന്സിപ്പലിനെ ഉമ്മ വെച്ചുകൊണ്ട് ആ പരിപാടി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയായിരുന്നു പുനത്തില്. പിന്നീട് ആ കേക്ക് മുറിച്ച് എല്ലാവര്ക്കും വിതരണം ചെയ്യുകയും ചെയ്തു. ഒട്ടും പ്രതീക്ഷിക്കാതെ നടന്ന ആ സംഭവത്തില് കാണികളാകെ കയ്യടിച്ചു. ഈ സംഭവം കണ്ട് താനാകെ വല്ലാത്തൊരു അവസ്ഥയിലേക്ക് മാറിയെന്ന് താഹ മാടായി പറയുന്നു.
പുനത്തില് ഉമ്മ വെച്ച ആ പ്രിന്സിപ്പല് അതിനെ നല്ല രീതിയിലാണ് ഉള്ക്കൊണ്ടത്. പക്ഷെ രാത്രിയായിട്ടും പുനത്തില് ചെയ്തത് ശരിയാണോയെന്ന ചോദ്യം തന്നെ വല്ലാതെ അലട്ടിയിരുന്നു. എന്ത് തന്നെയായാലും അവരൊരു കോളേജിന്റെ പ്രിന്സിപ്പലല്ലേ… അങ്ങനെ കേറി ഉമ്മ വെക്കാമോ?
ഈ ചോദ്യം പിന്നീട് പുനത്തിലിനെ വിളിച്ച് ചോദിച്ചു.
'കുഞ്ഞിക്ക ഇങ്ങനെ ചെയ്യാമോ'
'എന്ത്? ഞാന് ഇന്ന് നന്നായി പ്രസംഗിച്ചല്ലോ..'
'അതല്ല ഉമ്മ വെച്ചത്..'
'ഓ.. നീ ആ ഉമ്മയിലുണ്ടത്രെ.. ഞാനത് അപ്പോഴേ മറന്നു' എന്ന രസകരമായ മറുപടിയില് ആ വിഷയം തന്നെ അവസാനിപ്പിച്ചു. ഈ അനുഭവം മുന്നിര്ത്തി, അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് ധാരണയില്ലാത്തതിനാല് പല പരിപാടികള്ക്കും പുനത്തിലിനെ ആവശ്യപ്പെട്ട് വിളിക്കുമ്പോള് എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിയാറുണ്ടായിരുന്നെന്ന കാര്യവും താഹ മാടായി ഓര്ത്തെടുക്കുന്നു.
കണ്സെന്റിന്റെ കാര്യത്തില് പുനത്തില് ശ്രദ്ധിക്കാറുണ്ട്. ചില സന്ദര്ഭങ്ങളില് പെരുമാറുന്ന രീതികള് അദ്ദേഹത്തിന് മാത്രമേ മനസ്സിലാവൂ എന്ന് തോന്നിയിട്ടുണ്ടെന്നും വീഡിയോ പരമ്പരയില് താഹ മാടായി പറഞ്ഞു.