വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ആദ്യമായി സമ്മാനം നേടി പ്രവാസി മലയാളി ജോജി വർഗീസും സുഹൃത്തുക്കളും. ഉമ്മുൽ ഖുവൈനിൽ താമസിക്കുന്ന 46കാരനായ ജോജിയും സംഘവും നവംബറിലെ രണ്ടാമത്തെ പ്രതിവാര ഇ-ഡ്രോയിൽ 25,000 ദിർഹമാണ് നേടിയത്. സമ്മാനത്തുകയിൽ തനിക്ക് ലഭിക്കുന്ന മുഴുവൻ വിഹിതവും കേരളത്തിലുള്ള കുടുംബത്തിന് അയച്ചുനൽകാനാണ് ജോജിയുടെ തീരുമാനം.
കഴിഞ്ഞ 18 വർഷമായി യുഎഇയിൽ താമസിച്ച് ജോലി ചെയ്യുന്ന ജോജി സുഹൃത്തുക്കൾക്കൊപ്പമാണ് വർഷങ്ങളായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നത്. ഏറ്റവും ഒടുവിൽ എടുത്ത ടിക്കറ്റിനാണ് സംഘത്തിന് ഭാഗ്യം ലഭിച്ചത്. ഏറെക്കാലമായി കാത്തിരുന്ന നേട്ടം ഒടുവിൽ കൈവന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്ന് ജോജി പറഞ്ഞു. 25,000 ദിർഹത്തിന്റെ സമ്മാനത്തുക സംഘത്തിലെ അംഗങ്ങൾക്കിടയിൽ തുല്യമായി വീതിക്കും. ഇതിൽ തന്റെ വിഹിതം മുഴുവനും നാട്ടിലെ കുടുംബത്തിന് നൽകാനാണ് ജോജിയുടെ തീരുമാനം. കുടുംബത്തിനാണ് താൻ എപ്പോഴും പ്രാധാന്യം നൽകുന്നതെന്നും സമ്മാനമായി ലഭിക്കുന്ന തുക മുഴുവനും അവർക്കായി അയച്ചുകൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നവംബറിൽ ഇനി രണ്ട് പ്രതിവാര ഇ-ഡ്രോകൾ കൂടിയാണ് ബിഗ് ടിക്കറ്റ് നടത്തുന്നത്. ഓരോ നറുക്കെടുപ്പിലും നാല് പേർക്ക് 25,000 ദിർഹം വീതം സമ്മാനം ലഭിക്കും. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും വെബ്സൈറ്റിലും വൈകിട്ട് 7.30ന് നറുക്കെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യും.
Content Highlights: A Malayali expatriate and his friends have struck luck once again in the UAE's Big Ticket draw.