'പ്രകൃതിദത്തം' , 'ഹെർബൽ' തുടങ്ങിയ ലേബലുകൾ ഉള്ള ഉൽപ്പന്നങ്ങൾ എല്ലാം സുരക്ഷിതമല്ല; മുന്നറിയിപ്പുമായി യുഎഇ

ചില ഔഷധസസ്യങ്ങളിലെ ഘടകങ്ങൾ മരുന്നുകൾ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്നതും പ്രവർത്തിക്കുന്നതുമായ രീതിയെ ബാധിക്കാം

uae herbal

ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ നിർദേശം തേടാതെ കുറിപ്പടി മരുന്നുകൾക്കൊപ്പം ഡയറ്ററി സപ്ലിമെന്റുകൾ, ഹെർബൽ ഉൽപ്പന്നങ്ങൾ, ശരീരഭാരം കുറയ്ക്കാനോ കായികശേഷി വർധിപ്പിക്കാനോ വിപണനം ചെയ്യുന്ന ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കരുതെന്ന് യുഎഇ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (EDE) മുന്നറിയിപ്പ് നൽകി. ചില ഔഷധസസ്യങ്ങളിലെ ഘടകങ്ങൾ മരുന്നുകൾ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്നതും പ്രവർത്തിക്കുന്നതുമായ രീതിയെ ബാധിക്കാം. ഇത് മരുന്നുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയോ പാർശ്വഫലങ്ങളുടെ സാധ്യത വർധിപ്പിക്കുകയോ ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

സെന്റ് ജോൺസ് വോർട്ട്

രക്തം കട്ടപിടിക്കുന്നത് തടയുന്ന ചില മരുന്നുകൾക്കൊപ്പം 'ജിങ്കോ' സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കാം. 'സെന്റ് ജോൺസ് വോർട്ട്' എന്ന ഔഷധസസ്യം ചില മരുന്നുകളുടെ ശരീരത്തിലെ പ്രവർത്തനരീതിയെ മാറ്റി അവയുടെ ഫലപ്രാപ്തി കുറയ്ക്കാനും സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കാനും കായികശേഷി വർധിപ്പിക്കാനും വിപണനം ചെയ്യുന്ന ചില ഉൽപ്പന്നങ്ങളിൽ വെളിപ്പെടുത്താത്ത ഔഷധ ഘടകങ്ങൾ അടങ്ങിയിരിക്കാമെന്നും ഉയർന്ന അളവിൽ ഉപയോഗിക്കുമ്പോഴോ മറ്റ് മരുന്നുകൾക്കൊപ്പം കഴിക്കുമ്പോഴോ അപകടസാധ്യത കൂടുമെന്നും EDE ചൂണ്ടിക്കാട്ടി. 'പ്രകൃതിദത്തം', 'ഹെർബൽ' തുടങ്ങിയ ലേബലുകൾ ഉണ്ടെന്നതുകൊണ്ട് മാത്രം ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്ന് കരുതരുതെന്നും മുന്നറിയിപ്പുണ്ട്.

പ്രതീകാത്മക ചിത്രം

പ്രമേഹം, അപസ്മാരം തുടങ്ങിയ ദീർഘകാല രോഗങ്ങൾക്കുള്ള ചികിത്സ ഡോക്ടറുടെ നിർദേശമില്ലാതെ പെട്ടെന്ന് നിർത്തരുതെന്നും അധികൃതർ ഓർമിപ്പിച്ചു. അപസ്മാരത്തിനുള്ള ചില മരുന്നുകളും കോർട്ടികോസ്റ്റീറോയിഡുകളും (സ്റ്റിറോയിഡുകൾ) ഉപയോഗിക്കുന്നവർക്ക് മരുന്നിന്റെ അളവ് ക്രമേണ കുറയ്ക്കേണ്ടിവന്നേക്കാം. മരുന്നിന്റെ തരം, അളവ്, എത്രകാലമായി ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കണം ഇത്തരം മാറ്റങ്ങൾ. വിദഗ്ധ മേൽനോട്ടമില്ലാതെ ചികിത്സ നിർത്തുന്നത് ഗുരുതര രോഗാവസ്ഥകൾ നിയന്ത്രണാതീതമാകാൻ ഇടയാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വിറ്റാമിനുകൾ, ഹെർബൽ ഉൽപ്പന്നങ്ങൾ, പ്രോട്ടീൻ പൗഡറുകൾ, കായികശേഷി വർധിപ്പിക്കാനുള്ള സപ്ലിമെന്റുകൾ എന്നിവ ഉൾപ്പെടെ ഉപയോഗിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും വിവരങ്ങൾ ഡോക്ടറെയും ഫാർമസിസ്റ്റിനെയും അറിയിക്കണമെന്ന് EDE നിർദേശിച്ചു. മരുന്നുകളുമായുള്ള പ്രതിപ്രവർത്തന സാധ്യത പരിശോധിക്കാനും ഉൽപ്പന്നങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാമോ എന്ന് തീരുമാനിക്കാനും ഇത് സഹായിക്കും. വാങ്ങുന്നതിന് മുമ്പ് ഉൽപ്പന്നത്തിന്റെ ഉറവിടം, ഘടകങ്ങൾ, അംഗീകാരം, ഔദ്യോഗിക വിവരങ്ങൾ എന്നിവയും പരിശോധിക്കണം. ഏതെങ്കിലും ഉൽപ്പന്നം ഉപയോഗിച്ചതിന് ശേഷം അസാധാരണമായ ലക്ഷണങ്ങളോ ഗുരുതര പ്രതികരണങ്ങളുടെ സൂചനകളോ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. ഉൽപ്പന്നത്തിന്റെ പാക്കിങ്, ഉപയോഗിച്ച അളവ്, ഉപയോഗിച്ച സമയം എന്നിവയുടെ വിവരങ്ങൾ സൂക്ഷിക്കണമെന്നും സംശയാസ്പദമായ പാർശ്വഫലങ്ങൾ ഔദ്യോഗിക സംവിധാനങ്ങളിലൂടെ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.

Content Highlights: The UAE Emirates Drug Establishment has warned that products labelled natural or herbal are not necessarily safe, highlighting risks from mixing supplements with prescription medicines.

To advertise here,contact us