ഇനി 90 സെക്കന്റ് കാത്തിരുന്നാല്‍ മതി; പ്രധാന രണ്ട് റോഡ് വികസന പദ്ധതിക്കായി 1.3ബില്യൺ ദിർഹം പ്രഖ്യാപിച്ച് DUBAI

ഈ പദ്ധതി പൂര്‍ത്തിയായാല്‍ ട്രേഡ് സെന്റര്‍ ഭാഗത്തെ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റില്‍ നിന്ന് 90 സെക്കന്റായി കുറയുമെന്ന് ആര്‍ടിഎ അറിയിച്ചു

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിന് അടുത്ത് പ്രധാന റോഡ് പദ്ധതിക്കായി 1.3 ബില്യണ്‍ ദിര്‍ഹം പ്രഖ്യാപിച്ച് ദുബായ്. എമിറേറ്റിലെ ഏറ്റവും തിരക്കേറിയ വ്യാപാര-എക്‌സിബിഷന്‍ ജില്ലകളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമാണ് പുതിയ പദ്ധതി.

ഈ പദ്ധതി പൂര്‍ത്തിയായാല്‍ ട്രേഡ് സെന്റര്‍ ഭാഗത്തെ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റില്‍ നിന്ന് 90 സെക്കന്റായി കുറയുമെന്ന് ആര്‍ടിഎ അറിയിച്ചു. ആദ്യത്തെ പദ്ധതിക്ക് ഏകദേശം 696 മില്യണ്‍ ദിര്‍ഹം പണം ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ട്രേഡ് സെന്റര്‍ പരിസരം വിപുലീകരിക്കുന്നതിന് ഒപ്പം 5000 മീറ്റര്‍ നീളത്തില്‍ അഞ്ച് പാലങ്ങള്‍ നിര്‍മിക്കുന്നതും ഇതില്‍ ഉള്‍പ്പെടും.

രണ്ടാമത്തെ പദ്ധതി അല്‍ മുസ്തഖ്ബാല്‍ സ്ട്രീറ്റ് വിപുലീകരിക്കുന്നതും ദുബായ് വേള്‍ഡ് സെന്ററിലേക്കുള്ള കണക്ഷന്‍ മെച്ചപ്പെടുത്തുന്നതുമാണ്. ഇതിനായി ഏകദേശം 633മില്യണ്‍ ദിര്‍ഹത്തോളമാണ് ചെലവ് കരുതുന്നത്.

ദുബായുടെ നഗര-സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി റോഡ് സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ആര്‍ടിഎയുടെ സ്ട്രാറ്റജി ആന്‍ഡ് കോര്‍പ്പറേറ്റ് ഗവേര്‍ണന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൊന അല്‍ ഒസൈമി പറഞ്ഞു. ട്രേഡ് സെന്റര്‍ ഭാഗത്തെ പ്രധാന പാലങ്ങളുടെ പണി ആര്‍ടിഎ പൂര്‍ത്തീകരിക്കുകയും അവസാന പാലം ഈ വര്‍ഷം ഒക്ടോബര്‍ 30ന് തുറന്നുകൊടുക്കുകയും ചെയ്തിരുന്നു.

Content Highlights: Dubai has announced an AED 1.3 billion road infrastructure project near the Dubai World Trade Centre. The project aims to improve traffic movement, enhance connectivity and strengthen the emirate's road network

To advertise here,contact us