ദുബായിൽ ഗതാഗത പരിശോധന ശക്തം: നിയമം ലംഘിച്ച 35,928 ഇ-ബൈക്കുകളും സൈക്കിളുകളും കണ്ടുകെട്ടി

നിയമം ലംഘിച്ചവർക്കെതിരെ പിഴ ചുമത്തുന്നതിനൊപ്പം മറ്റ് കർശന നിയമനടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

ദുബായിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അശ്രദ്ധമായ യാത്രകൾ തടയുന്നതിനുമായി ​ഗതാ​ഗത പരിശോധനകൾ ശക്തമാക്കി അധികൃതർ. ദുബായ് പൊലീസും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) സംയുക്തമായി നടത്തിയ പരിശോധനയിൽ 35,928 ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഇ-ബൈക്കുകളും പിടിച്ചെടുത്തു. സൈക്ലിംഗ് ട്രാക്കുകൾ, പ്രധാന റോഡുകൾ, പ്രത്യേക യാത്രാ മേഖലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇത്രയധികം വാഹനങ്ങൾ കണ്ടുകെട്ടിയത്.

അനുമതിയില്ലാത്ത ഇലക്ട്രിക് സൈക്കിളുകളും മോട്ടോർ സൈക്കിളുകളും ഉപയോഗിക്കൽ, നിശ്ചയിച്ചിട്ടുള്ള സൈക്ലിംഗ് ട്രാക്കുകൾക്ക് പുറത്തുകൂടി വാഹനമോടിക്കൽ, അമിതവേഗത, എതിർദിശയിലൂടെയുള്ള സഞ്ചാരം, ഇലക്ട്രിക് സ്കൂട്ടറുകളിൽ മറ്റൊരാളെക്കൂടി കയറ്റിയുള്ള യാത്ര എന്നീ നിയമലംഘനങ്ങൾക്കാണ് നടപടിയെടുത്തത്. നിയമം ലംഘിച്ചവർക്കെതിരെ പിഴ ചുമത്തുന്നതിനൊപ്പം മറ്റ് കർശന നിയമനടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സുരക്ഷിതമായി സഞ്ചരിക്കുന്നതിന് ആവശ്യമായ സൈക്ലിംഗ് ട്രാക്കുകളും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും ആർടിഎ ഒരുക്കിയിട്ടുണ്ടെന്ന് ട്രാഫിക് ഡയറക്ടർ അഹമ്മദ് അൽ ഖ്സൈമി വ്യക്തമാക്കി. കാൽനടയാത്രക്കാർക്ക് എപ്പോഴും മുൻഗണന നൽകണമെന്നും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി. അപകടങ്ങൾ ഒഴിവാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകളും ബോധവൽക്കരണ പരിപാടികളും ശക്തമായി തുടരുമെന്നും അധികൃതർ അറിയിച്ചു.

Content Highlights: Dubai’s RTA and Police have seized 35,928 scooters, bicycles and e-bikes during joint enforcement campaigns. Common violations included riding outside designated tracks, speeding, travelling against traffic and carrying passengers on e-scooters.

To advertise here,contact us