ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന എമിറാത്തി നയതന്ത്രജ്ഞ ലാന നുസൈബയെ പിന്തുണച്ച് പലസ്തീന്. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ പലസ്തീന് നുസൈബയുടെ കഴിവിലും ബഹുമുഖ നയതന്ത്രത്തിലും ആത്മവിശ്വാസമുണ്ടെന്നും വ്യക്തമാക്കി. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ലാനയുടെ സംഭാവന, മാനുഷിക പ്രവൃത്തികളും വികസനവും, പലസ്തീന് മനുഷ്യരുടെ അവകാശങ്ങള്‍ക്കായുള്ള പിന്തുണ തുടങ്ങിയവയെക്കുറിച്ചും പലസ്തീന് പുറത്തിറക്കിയ പ്രസ്താവനയില്‍ ഊന്നിപ്പറയുന്നു.
'വെല്ലുവിളികള്‍ നിറഞ്ഞ ലോകത്ത് ഐക്യരാഷ്ട്രസഭയ്ക്ക് ശക്തമായ ഒരു നേതൃത്വം ആവശ്യമാണ്. അത്തരം നേതൃത്വം അന്താരാഷ്ട്ര പ്രമേയങ്ങള്‍ നടപ്പിലാക്കുന്നതിനും ആളുകളെ സംരക്ഷിക്കുന്നതിനും പിന്തുണ നല്‍കും. ലാനയെ നാമനിര്‍ദ്ദേശം ചെയ്തതിലൂടെ ആദ്യമായി ഒരു വനിത ജനറല്‍ സെക്രട്ടറിയാകുന്നതിന്റെ സാധ്യതയും വര്‍ധിപ്പിച്ചു', പ്രസ്താവനയില്‍ പറയുന്നു.
പലസ്തീന് നല്കിയ പിന്തുണയെ സ്വാഗതം ചെയ്യുന്നതായി ലാനയും പ്രതികരിച്ചു. പലസ്തീനികളുടെയും ഇസ്രയേലികളുടെയും സുരക്ഷിതമായ ജീവിതം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയിലൂടെ ജീവിക്കാന്‍ പറ്റുന്ന ഒരു രാഷ്ട്രീയ പാത മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവര്‍ എക്സില്‍ കുറിച്ചു. തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പലസ്തീന് കാണിക്കുന്ന ആത്മവിശ്വാസത്തെ അംഗീകരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2013 മുതല്‍ 2024 വരെ ഐക്യരാഷ്ട്ര സഭയിലെ യുഎഇയുടെ സ്ഥിരം പ്രതിനിധിയാണ് ലാന. 2022 മുതല്‍ 2023 വരെ സുരക്ഷാ സമിതിയിലും അംഗമായി. ഗാസയിലെ മാനുഷിക സഹായത്തെ കുറിച്ചുള്ള അവരുടെ ചര്‍ച്ചകളില്‍ ലാന നിരന്തരം ഇടപെട്ടിരുന്നു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നല്കിയ ഔദ്യോഗിക ശുപാര്‍ശ കത്തിന്റെ അടിസ്ഥാനത്തിലാണ് ലാനയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ജിസിസി രാജ്യങ്ങളും ലാനയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ മത്സരത്തില്‍ വിജയിക്കുകയാണെങ്കില്‍ 1945ല്‍ ഐക്യരാഷ്ട്ര സഭ രൂപീകരിച്ച ശേഷം അതിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി ലാന മാറും.
Content Highlights: Palestine has backed Emirati diplomat Lana Nusseibeh in her bid to become the next United Nations Secretary-General