ഒരു ടാങ്കറില്‍ നിന്നുള്ള എണ്ണ ചോര്‍ച്ച കാരണം ഉമ്മുല്‍ ഖുവൈനിലെ എല്ലാ ബീച്ചുകളും താല്‍ക്കാലികമായി അടച്ചു. എണ്ണ ചോര്‍ച്ച സമുദ്ര മലിനീകരണത്തിന് കാരണമായതിനെ തുടര്‍ന്നാണ് ബീച്ചുകള്‍ അടച്ചത്. ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെ പ്രദേശവാസികള്‍ അസാധാരണമായ ദുര്‍ഗന്ധത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. പിന്നാലെ നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ചോര്‍ച്ച കണ്ടെത്തിയതെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
ഈ ദുര്‍ഗന്ധം പ്രദേശവാസികള്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും മന്ത്രാലയം ഉറപ്പ് നല്കി. യുഎഇയുടെ സാങ്കേതിക നിരീക്ഷണ സംവിധാനത്തിലൂടെയാണ് എണ്ണച്ചോര്‍ച്ച കണ്ടെത്തിയത്.
ചോര്‍ച്ച നിയന്ത്രിക്കുന്നതിനും ബാധിത പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനും ശുചീകരണം നടത്തുന്നതിനും പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. സാങ്കേതിക സംഘം അവരുടെ പരിശോധന പൂര്‍ത്തിയാക്കുന്നത് വരെ ബീച്ചുകള്‍ അടച്ചിടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. എണ്ണച്ചോര്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ മത്സ്യബന്ധനം ഒഴിവാക്കണണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: All beaches in Umm Al Quwain have been temporarily closed after oil leaked from a tanker. The precautionary closure aims to protect beachgoers and address potential environmental risks caused by the oil spill.