യുഎഇയിൽ സൈക്കിൾ, ഇ-സ്കൂട്ടർ യാത്രക്കാർ ശ്രദ്ധിക്കുക; നിയമലംഘനങ്ങൾക്ക് 500 ദിർഹം വരെ പിഴ

ഹെൽമറ്റ് ധരിക്കാതിരിക്കുക, നിശ്ചയിച്ചിട്ടുള്ള പാതകൾ ഉപയോഗിക്കാതിരിക്കുക, അനുവദിച്ചിട്ടുള്ള വേഗപരിധി ലംഘിക്കുക തുടങ്ങിയവയ്ക്ക് പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി

യുഎഇയിൽ സെെക്കിൾ, ഇ-സ്കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ. ദൈനംദിന യാത്രകൾക്കും മറ്റുമായി സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

ഹെൽമറ്റ് ധരിക്കാതിരിക്കുക, നിശ്ചയിച്ചിട്ടുള്ള പാതകൾ ഉപയോഗിക്കാതിരിക്കുക, അനുവദിച്ചിട്ടുള്ള വേഗപരിധി ലംഘിക്കുക തുടങ്ങിയവയ്ക്ക് പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. സൈക്കിൾ, ഇലക്ട്രിക് സൈക്കിൾ, സ്കൂട്ടർ, അംഗീകൃത ചെറുഗതാഗത വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നവർക്കാണ് വിവിധ നിയമങ്ങൾ ബാധകമാകുന്നത്. നിയമലംഘനത്തിന്റെ സ്വഭാവമനുസരിച്ച് 200 ദിർഹം മുതൽ 500 ദിർഹം വരെയാണ് പിഴ.

മുൻകൂർ അനുമതിയില്ലാതെ മണിക്കൂറിൽ 60 കിലോമീറ്ററോ അതിൽ കൂടുതലോ വേഗപരിധിയുള്ള റോഡുകളിൽ സഞ്ചരിക്കുക, സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് അടയാളങ്ങളും ഔദ്യോഗിക നിർദേശങ്ങളും പാലിക്കാതിരിക്കുക, ഹെൽമറ്റും പ്രതിഫലന വസ്ത്രവും (reflective vest) ധരിക്കാതിരിക്കുക, നിശ്ചിത സ്ഥലങ്ങളിലല്ലാതെ വാഹനം പാർക്ക് ചെയ്യുകയോ കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും തടസ്സമുണ്ടാക്കുകയോ ചെയ്യുക, സൈക്കിൾ ട്രാഫിക് സിഗ്നൽ തൂണുകളിലോ തെരുവുവിളക്ക് തൂണുകളിലോ കെട്ടിയിടുക, മുന്നിലുള്ള സൈക്കിളുകൾ, വാഹനങ്ങൾ, കാൽനടയാത്രക്കാർ എന്നിവരുമായി സുരക്ഷിത അകലം പാലിക്കാതിരിക്കുക, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതിരിക്കുക, സൈക്കിളിന്റെ ബാലൻസ് നഷ്ടപ്പെടുന്ന രീതിയിൽ അമിതഭാരം കയറ്റുക,

സ്വന്തം സുരക്ഷയ്ക്കോ മറ്റുള്ളവരുടെ സുരക്ഷയ്ക്കോ ഭീഷണിയാകുന്ന രീതിയിൽ സഞ്ചരിക്കുക, മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ അലാറമോ റെക്കോർഡറോ ഉപയോഗിക്കുക, യാത്രയ്ക്കിടെ മൊബൈൽ ഫോണോ ശ്രദ്ധ തിരിക്കുന്ന മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുക, ചുറ്റുമുള്ള ശബ്ദങ്ങൾ കേൾക്കാൻ കഴിയാത്തവിധം ഹെഡ്ഫോൺ ധരിക്കുക, ഗതാഗതത്തിന്റെ എതിർദിശയിൽ സഞ്ചരിക്കുക, അനുവദനീയമായ വേഗപരിധിയേക്കാൾ മണിക്കൂറിൽ 20 കിലോമീറ്റർ അധികം വേഗത്തിൽ സഞ്ചരിക്കുക, റോഡ് എൻട്രൻസിലും എക്സിറ്റുകളിലും കാൽനട ക്രോസിംഗുകളിലും വേഗത കുറയ്ക്കാതിരിക്കുക, അപകടകരമായ കാലാവസ്ഥയിലോ കാഴ്ചപരിധി തീരെ കുറഞ്ഞ സാഹചര്യങ്ങളിലോ സഞ്ചരിക്കുക, സൈക്കിൾ, ഇ-ബൈക്ക്, സ്കൂട്ടർ എന്നിവ ഓടിക്കുമ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്ന വാഹനത്തിലോ ട്രെയിലറിലോ പിടിച്ചുനിൽക്കുക, നിർത്തിയിട്ട സ്കൂൾ ബസിൽനിന്ന് കുറഞ്ഞത് അഞ്ച് മീറ്റർ അകലെ നിർത്താതിരിക്കുക എന്നിവയെല്ലാം 200 ദിർഹം പിഴ ലഭിക്കുന്ന നിയമലംഘനങ്ങളാണ്.

സ്വന്തമോ വാടകയ്ക്കെടുത്തോ ഉപയോഗിക്കുന്ന സൈക്കിളുകൾ, ഇലക്ട്രിക് സൈക്കിളുകൾ, സ്കൂട്ടറുകൾ തുടങ്ങിയവയിലും വീഴ്ചകൾ കണ്ടെത്തിയാൽ അവ ഓരോന്നിനും 200 ദിർഹം പിഴ ലഭിക്കും. അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാത്ത സൈക്കിൾ ഉപയോഗിക്കുക, ഹാൻഡിലിൽ ബെല്ലോ ശബ്ദമുന്നറിയിപ്പ് ഉപകരണമോ സ്ഥാപിക്കാതിരിക്കുക, മുന്നിൽ വ്യക്തമായി കാണാവുന്ന വെള്ള ലൈറ്റ് സ്ഥാപിക്കാതിരിക്കുക, രാത്രിയിൽ പ്രവർത്തിക്കുന്നതും ബ്രേക്കുമായി ബന്ധിപ്പിച്ചതുമായ ചുവന്ന പിൻലൈറ്റ് ഇല്ലാതിരിക്കുക, സൈക്കിളിന്റെ ഇരുവശങ്ങളിലും റിഫ്ലക്ടിങ് ഉപകരണങ്ങൾ സ്ഥാപിക്കാതിരിക്കുക, പ്രവർത്തനക്ഷമമായ പിൻചക്ര ബ്രേക്ക് ഇല്ലാതിരിക്കുക, തേഞ്ഞതോ അയഞ്ഞതോ ആയ ടയറുകൾ ഉപയോഗിക്കുക, സൈക്കിളിന്റെ കേബിളുകളും മറ്റ് ഭാഗങ്ങളും കൃത്യമായി ഉറപ്പിക്കാതിരിക്കുക, നിശ്ചയിച്ച പരിധിക്കപ്പുറം സൈക്കിൾ, ഇ-ബൈക്ക്, സ്കൂട്ടർ എന്നിവയുടെ ടോർക്ക് മാറ്റുകയോ വർധിപ്പിക്കുകയോ ചെയ്യുക തുടങ്ങിയവയും 200 ദിർഹം വരെ പിഴ ലഭിക്കുന്ന നിയമലംഘനങ്ങളാണ്.

കൂടാതെ പ്രത്യേക അനുമതിയില്ലാതെ ചില സ്ഥലങ്ങളിലൂടെ സൈക്കിൾ, ഇ-ബൈക്ക്, സ്കൂട്ടർ എന്നിവ ഉപയോഗിച്ചാൽ ഓരോ നിയമലംഘനത്തിനും 500 ദിർഹം പിഴ ലഭിക്കും. നടക്കാനും ജോഗിങ്ങിനുമായി നിശ്ചയിച്ച പാതകളിലൂടെ സഞ്ചരിക്കുക, ഔദ്യോഗിക അടയാളങ്ങളിലൂടെയോ റോഡ് മാർക്കിങ്ങിലൂടെയോ അനുമതി നൽകിയിട്ടില്ലാത്ത നടപ്പാതകളിലൂടെ സഞ്ചരിക്കുക, മണിക്കൂറിൽ 60 കിലോമീറ്ററോ അതിൽ കൂടുതലോ വേഗപരിധിയുള്ള ദ്വിതീയ, തൃതീയ റോഡുകളിൽ സഞ്ചരിക്കുക (എന്നാൽ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിന്റെയും അബുദാബി പൊലീസിന്റെയും അനുമതിയുള്ള അംഗീകൃത സംഘങ്ങൾക്ക് ഇളവുണ്ട്), സൈക്കിൾ, ഇ-ബൈക്ക്, സ്കൂട്ടർ എന്നിവയ്ക്കായി പ്രത്യേക പാതകളില്ലാത്ത പാലങ്ങളിലൂടെയും തുരങ്കങ്ങളിലൂടെയും സഞ്ചരിക്കുക, സ്ഥിരമായോ താൽക്കാലികമായോ സ്ഥാപിച്ച നിരോധന ബോർഡുകളുള്ള സ്ഥലങ്ങളിൽ സഞ്ചരിക്കുക എന്നിവയ്ക്കാണ് 500 ദിർഹം പിഴ ലഭിക്കുന്നത്. കൂടാതെ താൽക്കാലിക പരിപാടികൾ നടക്കുന്ന മേഖലകളും ഇതിൽ ഉൾപ്പെടും.

Content Highlights: Abu Dhabi authorities have reminded bicycle and e-scooter riders to use designated routes, with fines of up to Dh500 for riding on pedestrian-only walkways or in prohibited areas.

To advertise here,contact us