യുഎഇയുടെ പാരമ്പര്യ പൈതൃകം തൊട്ടറിയാം; അൽ ഐനിൽ 20 ദിവസം നീളുന്ന സാംസ്കാരിക മഹോത്സവം

എമിറാത്തി സംസ്കാരവും പാരമ്പര്യവും തൊട്ടറിയാൻ സഹായിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് മേളയുടെ പ്രധാന ആകർഷണം

യുഎഇയുടെ പരമ്പരാഗത കരകൗശല വിദ്യകളും തനത് ഭക്ഷണരീതികളും സാംസ്കാരിക കലാരൂപങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള 12-ാമത് 'ട്രെഡിഷണൽ ഹാൻഡിക്രാഫ്റ്റ്‌സ് ഫെസ്റ്റിവൽ' ഈ മാസം അൽ ഐനിൽ നടക്കും. ഒക്ടോബർ 23 മുതൽ നവംബർ 11 വരെ അൽ ഐനിലെ ചരിത്രപ്രസിദ്ധമായ സൂഖ് അൽ ഖത്താറയിലാണ് (Souq Al Qattara) 20 ദിവസം നീളുന്ന സാംസ്കാരിക മഹോത്സവം സംഘടിപ്പിക്കുന്നത്. സന്ദർശകർക്ക് സൗജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്.

എമിറാത്തി സംസ്കാരവും പാരമ്പര്യവും തൊട്ടറിയാൻ സഹായിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് മേളയുടെ പ്രധാന ആകർഷണം. പരമ്പരാഗത കരകൗശല വസ്തുക്കളുടെ തത്സമയ നിർമ്മാണം, ശിൽപശാലകൾ, സാംസ്കാരിക സംഗീത പരിപാടികൾ, കുട്ടികൾക്കായുള്ള പ്രത്യേക വിനോദങ്ങൾ എന്നിവ മേളയിലുണ്ടാകും. തലമുറകളായി കൈമാറി വന്ന കൈവേലകളും നിർമ്മാണരീതികളും നേരിട്ട് കണ്ടു മനസ്സിലാക്കാൻ സന്ദർശകർക്ക് ഇതിലൂടെ അവസരം ലഭിക്കും. കൂടാതെ പ്രാദേശിക കലാകാരന്മാരുടെയും ചെറുകിട സംരംഭകരുടെയും വിപണന സ്റ്റാളുകളും മേളയിൽ സജ്ജമാക്കുന്നുണ്ട്.

യുഎഇയുടെ പാരമ്പര്യത്തിന്റെ ഭാഗമായ പരുന്ത് വളർത്തൽ (Falconry), തനത് വാദ്യമേളങ്ങൾ, പ്രശസ്തമായ 'അൽ അയ്യാള' (Al Ayyala) നൃത്തരൂപ പഠന ശിൽപശാലകൾ എന്നിവ സന്ദർശകർക്ക് വേറിട്ട അനുഭവമായിരിക്കും. അൽ ഐനിലെ മരുപ്പച്ച മുതൽ തീരദേശങ്ങൾ വരെയുള്ള ചരിത്രവഴികൾ പകർന്നുനൽകുന്ന 'അൽ മഖീത്' (Al Maqith) എക്സിബിഷനും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പാരമ്പര്യ ഗെയിമുകൾ, പാവക്കൂത്ത് (Puppet Theatre), കാർണിവൽ വിനോദങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. തനത് എമിറാത്തി വിഭവങ്ങൾ രുചിച്ചറിയാനും പരമ്പരാഗത രീതിയിൽ അച്ചാർ നിർമ്മിച്ച് വീട്ടിലേക്ക് കൊണ്ടുപോകാനുമുള്ള 'ബഖാർ അൽ ബൈത്ത്' (Bkhar Al Bait) അനുഭവവും സന്ദർശകരെ കാത്തിരിക്കുന്നു. ഒക്ടോബർ 23 മുതൽ നവംബർ 11 വരെ എല്ലാ ദിവസവും പൊതുജനങ്ങൾക്ക് മേള സന്ദർശിക്കാവുന്നതാണ്.

Content Highlights: The Traditional Handicrafts Festival in Al Ain will run for 20 days, celebrating the UAE’s rich cultural heritage. Visitors can watch skilled artisans demonstrate traditional crafts, participate in hands-on workshops, explore heritage market stalls and enjoy authentic Emirati cuisine and traditional games. The festival will take place at Al Qattara Arts Centre from 4 pm to midnight.

To advertise here,contact us