വധക്കേസുകളിൽ ഇരയുടെ ബന്ധുക്കൾ ഖിസാസ് (പ്രതികാരം) ഒഴിവാക്കാൻ തയ്യാറായാലും പ്രതികൾക്ക് ലഭിക്കുന്ന ശിക്ഷാ കാലാവധി ഉയർത്തി യുഎഇ സർക്കാർ. കുറ്റകൃത്യങ്ങളുടെയും ശിക്ഷകളുടെയും നിയമത്തിലെ ആർട്ടിക്കിൾ 384(3) ൽ വരുത്തിയ പുതിയ ഭേദഗതി പ്രകാരമാണ് തടവുശിക്ഷ ഏഴ് വർഷത്തിൽ നിന്ന് 15 വർഷമായി വർദ്ധിപ്പിച്ചത്.
പുതിയ നിയമ ഭേദഗതി അനുസരിച്ച് ഖിസാസ് ഒഴിവാക്കപ്പെടുന്ന കേസുകളിൽ പ്രതികൾ 15 മുതൽ 20 വർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരും. മുൻപ് ഇത് ഏഴ് മുതൽ 15 വർഷം വരെ മാത്രമായിരുന്നു. നിയമ നടപടികളുടെ ഏത് ഘട്ടത്തിലോ അല്ലെങ്കിൽ ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുൻപോ ഇരയുടെ നിയമപരമായ അവകാശികൾ ഖിസാസിനുള്ള അവകാശം വേണ്ടെന്നു വെച്ചാലും പുതിയ ജയിൽ ശിക്ഷ നിർബന്ധമായും ബാധകമാകും. ഇരയുടെ കുടുംബത്തിന് മാപ്പു നൽകാനുള്ള അവകാശം ഉറപ്പു നൽകുമ്പോൾ തന്നെ ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും നിയമപരമായ പ്രതിരോധവും ശക്തമാക്കുകയാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
ഇരയുടെ ബന്ധുക്കൾ മാപ്പ് നൽകിയാലും പ്രതിയുടെ ക്രിമിനൽ ഉത്തരവാദിത്തവും സമൂഹത്തോടുള്ള ബാധ്യതയും ഇല്ലാതാകുന്നില്ലെന്ന് പ്രമുഖ ലീഗൽ കൺസൾട്ടന്റ് ഡോ. ഹസൻ എൽഹെെസ് വ്യക്തമാക്കി. ഖിസാസിൽ നിന്ന് ഇളവ് ലഭിക്കുന്നത് കേസ് പൂർണമായി അവസാനിപ്പിക്കാനോ പ്രതി കുറ്റവിമുക്തനാകാനോ കാരണമാകില്ല. മറിച്ച് കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മറ്റ് നിയമങ്ങൾ പ്രകാരം വധശിക്ഷ വിധിക്കാൻ കോടതിക്ക് അധികാരമുണ്ട്.
Content Highlights: UAE has updated its Crimes and Penalties Law, setting imprisonment terms of 15 to 20 years in specified cases where heirs waive their legal right to qisas