ഇന്ധനവില വർദ്ധനവ് വിപണയിലും പ്രതിഫലിക്കുന്നു; യുഎഇയിൽ പ്രതിമാസ പർച്ചേസിം​ഗ് രീതികളിൽ മാറ്റം

ഒക്ടോബർ മാസത്തിൽ പെട്രോൾ വിലയിൽ 16 ശതമാനം വരെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്

യുഎഇയിൽ ഇന്ധനവില നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതോടെ ജനങ്ങളുടെ പ്രതിമാസ പർച്ചേസിംഗ് രീതികളിൽ വൻ മാറ്റം. വലിയ സൂപ്പർമാർക്കറ്റുകളിൽ പോയി ഒറ്റയടിക്ക് പ്രതിമാസ സാധനങ്ങൾ വാങ്ങുന്നതിന് പകരം, വീടുകൾക്ക് സമീപമുള്ള പ്രാദേശിക കടകളിൽ നിന്ന് ആവശ്യത്തിന് മാത്രം സാധനങ്ങൾ വാങ്ങുന്നതിലേക്ക് ഉപഭോക്താക്കൾ മാറിക്കഴിഞ്ഞു. യാത്രാച്ചെലവ് ഒഴിവാക്കാനായി ഓൺലൈൻ ഡെലിവറി ആപ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.

ഒക്ടോബർ മാസത്തിൽ പെട്രോൾ വിലയിൽ 16 ശതമാനം വരെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.40 ദിർഹമും സ്പെഷ്യൽ 95 പെട്രോളിന് 4.28 ദിർഹമുമായി ഉയർന്നു. ഇന്ധനച്ചെലവ് കൂടിയതോടെ ദൂരെയുള്ള വലിയ ഷോപ്പിംഗ് മാളുകളിലേക്കും സൂപ്പർമാർക്കറ്റുകളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കി, വീടിനടുത്തുള്ള കടകളെ ആശ്രയിക്കാൻ ആളുകൾ നിർബന്ധിതരാകുകയായിരുന്നു.

ചോയ്ത്ത്‌റാംസ്, ആദിൽ, അൽ മായ തുടങ്ങിയ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പുകളാണ് ഉപഭോക്താക്കളുടെ ഈ മാറ്റം സ്ഥിരീകരിച്ചത്. മുൻഗണനാ പട്ടിക തയാറാക്കി അത്യാവശ്യ സാധനങ്ങൾ മാത്രം വാങ്ങാനും, വിലക്കുറവുള്ള പ്രത്യേക ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്താനുമാണ് ഇപ്പോൾ ആളുകൾ ശ്രദ്ധിക്കുന്നത്.

ഇന്ധനവില ഉയർന്നത് ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഗതാഗതച്ചെലവ് കൂട്ടിയിട്ടുണ്ടെങ്കിലും ഈ അധികഭാരം പൂർണ്ണമായും ഉപഭോക്താക്കളിലേക്ക് അടിച്ചേൽപ്പിക്കാതിരിക്കാൻ റീട്ടെയിൽ കമ്പനികൾ ശ്രമിക്കുന്നുണ്ട്. അതേസമയം, വാഹനവുമായി പുറത്തിറങ്ങുമ്പോഴുള്ള ഇന്ധനച്ചെലവ് ലാഭിക്കാൻ പലരും ഓൺലൈൻ ആപ്പുകൾ വഴി സാധനങ്ങൾ ഓർഡർ ചെയ്യാനാണ് ഇപ്പോൾ കൂടുതൽ താൽപ്പര്യം കാണിക്കുന്നത്.

Content Highlights: Rising fuel prices in the UAE are changing consumer shopping habits, with some shoppers making smaller, more frequent supermarket trips and focusing on discounts and value-for-money purchases.

To advertise here,contact us