ഇന്നും നാളെയുമായി നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പകരമായി അദ്ദേഹത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ് ഷെയ്ഖ് ഖാലിദ് ഇന്നലെ ന്യൂഡൽഹിയിലെത്തിയത്.
അബുദാബി ക്രൗൺ പ്രിൻസ് കോടതി ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി, വ്യവസായ നൂതന സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് ജാബർ എന്നിവരും മറ്റ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ഇന്ത്യയിലെത്തിയത്. ഷെയ്ഖ് ഖാലിദിനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ദീർഘകാല സൗഹൃദം വിപുലീകരിക്കാനുള്ള അവസരമായാണ് ഈ സന്ദർശനത്തെ കണക്കാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
വ്യാപാരവും ഊർജസുരക്ഷയും കേന്ദ്രീകരിച്ചുള്ള ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഉച്ചകോടി സഹായകരമാകുമെന്നും അധികൃതർ പറഞ്ഞു. ’ ബിൽഡിങ് ഫോർ റെസിലിയൻസ് , ഇന്നൊവേഷൻ, കോർപ്പറേഷൻ ആൻഡ് സസ്റ്റയിനബിലിറ്റി’ (‘Building for Resilience, Innovation, Cooperation and Sustainability’) എന്ന പ്രമേയത്തിലാണ് ഇന്ത്യ ഇത്തവണ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. വികസനം, സുസ്ഥിരത, നവീകരണം എന്നിവയാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
Content Highlight: Abu Dhabi Crown Prince Sheikh Khaled bin Mohamed bin Zayed Al Nahyan has arrived in India to lead the UAE delegation at the 18th BRICS Summit in New Delhi.