ഗാസയിലെ പലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കാനുള്ള ഇസ്രയേലി മന്ത്രിമാരുടെ പ്രസ്താവനകളെ ശക്തമായി അപലപിച്ച് യുഎഇ അടക്കം എട്ട് രാജ്യങ്ങൾ. ഇസ്രയേൽ മന്ത്രിമാരുടെ പ്രസ്താവനകൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. പലസ്തീനികളെ സ്വന്തം മണ്ണിൽ നിന്ന് ബലമായി പുറത്താക്കാനുള്ള നീക്കങ്ങൾ മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കടുത്ത ഭീഷണിയാണെന്ന് എട്ടു രാജ്യങ്ങളും മുന്നറിയിപ്പ് നൽകി.
ഗാസയിലെ ജനങ്ങളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാൻ പദ്ധതിയുണ്ടെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കിയിരുന്നു. ആദ്യ വർഷം രണ്ടര ലക്ഷം പേരെയും അടുത്ത ആറ് വർഷത്തിനുള്ളിൽ മുഴുവൻ ജനങ്ങളെയും ഒഴിപ്പിക്കുമെന്നായിരുന്നു പിന്നാലെ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറും പ്രഖ്യാപിച്ചു. ഈ വംശീയ ശുദ്ധീകരണ പദ്ധതിക്കെതിരെയാണ് യുഎഇ, സൗദി, ഖത്തർ, ഈജിപ്ത്, ജോർദാൻ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ ഒന്നിച്ചത്.
പലസ്തീനികളെ ഗാസയിൽ നിന്നോ മറ്റ് അധിനിവിഷ്ട പ്രദേശങ്ങളിൽ നിന്നോ കുടിയൊഴിപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും അംഗീകരിക്കില്ല. നിർബന്ധിത കുടിയൊഴിപ്പിക്കൽ ഔദ്യോഗിക നയമാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അറബ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രസ്താവനകൾ പലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും അറബ് മന്ത്രിമാർ ചൂണ്ടിക്കാട്ടി. പാകിസ്താൻ, ഇന്തോനേഷ്യ, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.
മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങൾക്ക് ഇസ്രയേലിന്റെ ഈ പദ്ധതി നേരിട്ടുള്ള വെല്ലുവിളിയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാന കരാറിന്റെ ലംഘനമാണ് ഈ നീക്കമെന്ന് അറബ് രാജ്യങ്ങളിലെ മന്ത്രിമാർ ഓർമ്മിപ്പിച്ചു. നിർബന്ധിത കുടിയൊഴിപ്പിക്കലിനെ പൂർണ്ണമായി തള്ളിക്കളയുന്നതാണ് 2025 ഒക്ടോബറിലെ യുഎസ് പിന്തുണയുള്ള സമാധാന പദ്ധതി.
ഗാസയും വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലേമും ഉൾപ്പെടുന്ന പലസ്തീൻ പ്രദേശങ്ങളുടെ അഖണ്ഡത സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. 1967-ലെ അതിർത്തികൾ നിലനിർത്തി, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ. പലസ്തീനികളുടെ ഭൂമിശാസ്ത്രപരമായ യാഥാർത്ഥ്യങ്ങൾ മാറ്റിയെഴുതാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കാൻ യുഎൻ രക്ഷാസമിതിയോട് രാജ്യങ്ങൾ ആവശ്യപ്പെട്ടു.
അതേസമയം, പലസ്തീനികളെ പുറത്താക്കാൻ പദ്ധതിയില്ലെന്ന അവകാശവാദവുമായി ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി രംഗത്തെത്തി. എന്നാൽ ഇസ്രയേലി മന്ത്രിമാരുടെ പരസ്യ പ്രസ്താവനകൾ പശ്ചിമേഷ്യയിൽ വീണ്ടും വലിയ നയതന്ത്ര പ്രക്ഷുബ്ധതയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
Content Highlights: The Oman-UAE cross-border railway project has received approval, marking a major step toward establishing the Gulf's first cross-border rail network. The project is expected to strengthen connectivity and facilitate transportation between Oman and the UAE.