യുഎഇയിൽ പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി ദുബായ് മുനിസിപ്പാലിറ്റിയുടെ വൻ പരിശോധന. സ്കൂൾ കാന്റീനുകൾ, സ്വിമ്മിംഗ് പൂളുകൾ എന്നിവയ്ക്ക് പുറമെ വിദ്യാർത്ഥികളുടെ യൂണിഫോമുകൾ വരെ പരിശോധനയ്ക്ക് വിധേയമാക്കി. നഗരത്തിലെ അഞ്ഞൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് മുനിസിപ്പാലിറ്റി നേരിട്ടും ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയും പരിശോധനകൾ നടത്തിയത്. സ്കൂൾ അന്തരീക്ഷം പൂർണ്ണമായും ആരോഗ്യകരമാണെന്ന് ഉറപ്പുവരുത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
സ്കൂൾ കാന്റീനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ 'ഡി.എം ചെക്ക്ഡ്' ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് അധികൃതർ പരിശോധനകൾ നടത്തിയത്. അനുവദിക്കപ്പെട്ട പോഷകാഹാര മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചാണോ കാന്റീനുകളിലെ മെനു തയ്യാറാക്കിയിരിക്കുന്നത് എന്ന് ഇതിലൂടെ വിലയിരുത്തി. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും പോഷകസമ്പന്നവുമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭക്ഷണ വിതരണക്കാരെയും മെനുവും നേരത്തെ തന്നെ പരിശോധിച്ചു അംഗീകാരം നൽകിയിരുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയും നല്ല ശീലങ്ങളും കുട്ടികളിൽ വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കാന്റീനുകൾക്ക് പുറമെ സ്കൂളുകളിലെ വായുസഞ്ചാര സംവിധാനങ്ങൾ, എയർ ഫിൽട്ടറുകൾ, ശുദ്ധജല സംഭരണികൾ, ശുചീകരണ രേഖകൾ എന്നിവയും ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തി. സ്കൂളുകളിലെ സ്വിമ്മിംഗ് പൂളുകളിൽ സാക്ഷ്യപ്പെടുത്തിയ ലൈഫ് ഗാർഡുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ, പ്രഥമശുശ്രൂഷാ സംവിധാനങ്ങൾ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിനുപുറമെ, പ്രാദേശിക വിപണിയിൽ ലഭിക്കുന്ന ഭക്ഷണ സാമഗ്രികൾ സൂക്ഷിക്കുന്ന പാത്രങ്ങൾ, ഡ്രിങ്കിംഗ് വാട്ടർ ബോട്ടിലുകൾ തുടങ്ങി 800-ഓളം ഉത്പ്പന്നങ്ങൾ ദുബായ് സെൻട്രൽ ലബോറട്ടറിയിൽ പരിശോധനയ്ക്ക് വിധേയമാക്കി. വിപണിയിൽ നിന്ന് ശേഖരിച്ച സ്കൂൾ യൂണിഫോമുകളുടെ സുരക്ഷിതത്വവും ലബോറട്ടറിയിൽ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്.
പരിശോധനകൾക്കൊപ്പം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ ജീവനക്കാർക്കും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 'സ്മാർട്ട് ഫുഡ് ചോയ്സസ്' സംവിധാനത്തിലൂടെ ഭക്ഷണം തിരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ചും വ്യക്തിശുചിത്വം, ഹാൻഡ്വാഷിംഗ്, ലഞ്ച് ബോക്സുകൾ സുരക്ഷിതമായി സൂക്ഷിക്കൽ എന്നിവയെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകിവരുന്നു. ഭക്ഷണ മാലിന്യം കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണത്തിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പരിപാടികളും ഇതിന്റെ ഭാഗമാണ്. കൂടാതെ, വീടുകളിലും കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാൻ രക്ഷിതാക്കൾക്ക് ആവശ്യമായ വിവരങ്ങളും നിർദ്ദേശങ്ങളും അധികൃതർ നൽകുന്നുണ്ട്.
Content Highlights: