ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകളോടെ വൻ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. യാത്രക്കാർക്ക് നീണ്ട വരികളിൽ നിൽക്കാതെയും പാസ്പോർട്ട്, ബോർഡിംഗ് പാസ് എന്നിവ വീണ്ടും വീണ്ടും കാണിക്കാതെയും എളുപ്പത്തിൽ യാത്രാനടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളാണ് വിമാനത്താവളത്തിൽ ഒരുങ്ങുന്നത്.
വിമാനത്താവളത്തിലെ ചെക്ക്-ഇൻ, ഇമിഗ്രേഷൻ, ബോർഡിംഗ് എന്നിവയിൽ ഫേഷ്യൽ റെക്കഗ്നിഷൻ (മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ), ബയോമെട്രിക് സംവിധാനങ്ങൾ എന്നിവ വിപുലീകരിക്കും. ആറ് സെക്കൻഡുകൾക്കുള്ളിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാവുന്ന എഐ പവേർഡ് (AI-powered) സ്മാർട്ട് ഗേറ്റുകളും റെഡ് കാർപെറ്റ് കോറിഡോറുകളും കൂടുതൽ യാത്രക്കാർക്ക് ലഭ്യമാക്കാനാണ് ദുബായ് എയർപോർട്ട്സ് ലക്ഷ്യമിടുന്നത്.
ജീവനക്കാരുടെ സഹായമില്ലാതെ യാത്രക്കാർക്ക് സ്വന്തമായി ചെക്ക്-ഇൻ ചെയ്യാനും ലഗേജ് ടാഗുകൾ പ്രിന്റ് ചെയ്ത് ലഗേജ് ഡ്രോപ്പ് ചെയ്യാനുമുള്ള 'സെൽഫ് സർവീസ്' സൗകര്യങ്ങൾ കൂടുതൽ കൗണ്ടറുകളിലേക്ക് വ്യാപിപ്പിക്കും. കൂടാതെ, വിമാനത്താവളത്തിലെ പ്രധാന പ്രദേശങ്ങളിൽ തിരക്ക് കുറയ്ക്കുന്നതിനായി എയറോബ്രിഡ്ജ് വഴി ബന്ധിപ്പിക്കാത്ത വിമാനങ്ങളിൽ കയറേണ്ട യാത്രക്കാർക്കായി 'കൺസോളിഡേറ്റഡ് റിമോട്ട് ഡിപ്പാർച്ചർ' എന്ന പേരിൽ പുതിയതും സൗകര്യപ്രദവുമായ ബസ്-ബോർഡിംഗ് രീതികളും സജ്ജീകരിക്കും. വിമാനത്താവളത്തിൽ യാത്രക്കാർ കാത്തിരിക്കുന്ന സ്ഥലങ്ങൾ കൂടുതൽ വിശാലവും ആധുനികവുമാക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മധ്യപൂർവേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഈ വർഷത്തെ ആദ്യ പകുതിയിൽ യാത്രക്കാരുടെ എണ്ണത്തിൽ 31.3 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും രണ്ടാം പാദത്തോടെ സർവീസുകൾ വർദ്ധിച്ച് പ്രതിമാസ യാത്രക്കാരുടെ എണ്ണത്തിൽ വലിയ തിരിച്ചുവരവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും മാസങ്ങളിൽ അന്താരാഷ്ട്ര എയർലൈനുകൾ പൂർണ്ണതോതിൽ സർവീസുകൾ പുനരാരംഭിക്കുന്നതോടെ ശീതകാല യാത്രാ സീസണിൽ ദുബായ് എയർപോർട്ട് പൂർവ്വസ്ഥിതിയിലാകും. ഈ സാഹചര്യത്തിലാണ് യാത്ര സുഗമമാക്കുന്നതിനായുള്ള വലിയ തുകയുടെ വികസന പദ്ധതികൾ എയർപോർട്ട് മാനേജ്മെന്റ് വേഗത്തിലാക്കുന്നത്.
Content Highlights: Dubai International Airport is rolling out an AI-powered immigration corridor that allows eligible travellers to complete immigration procedures in about six seconds using biometric identification. The system eliminates the need for passport checks and can process multiple passengers simultaneously, helping reduce waiting times and improve the overall travel experience.