കനത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന യുഎഇയിൽ ആശ്വാസമായി വിവിധ പ്രദേശങ്ങളിൽ മഴ പെയ്തു. അൽ ഐനിലെ സാഅ, ഖത്മ് അൽ ശക്ല റോഡ് എന്നിവിടങ്ങളിലാണ് ശക്തമായ മഴ അനുഭവപ്പെട്ടത്. കാറിന്റെ വിൻഡ് സ്ക്രീനിലൂടെയുള്ള കാഴ്ച മങ്ങുന്ന രീതിയിലുള്ള കനത്ത മഴയുടെ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു. രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ, ഓറഞ്ച്, യെല്ലോ അലർട്ടുകൾ നൽകുകയും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ശക്തമായ മഴയെ തുടർന്ന് തലസ്ഥാനമായ അബുദാബിയിൽ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കി. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി അബുദാബി സിറ്റി മുൻസിപ്പാലിറ്റി പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, അഫിലിയേറ്റഡ് ബീച്ചുകൾ എന്നിവ താത്കാലികമായി അടച്ചുപൂട്ടി. പൊതുപരിപാടികളും മാറ്റിവച്ചിട്ടുണ്ട്. ഇതിന് പുറമെ മാർച്ച് മാസത്തിലും യു.എ.ഇയിൽ കനത്ത മഴയും റോഡ് തടസ്സങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ഗൾഫ് രാജ്യങ്ങളിൽ എല്ല വർഷവും ഓഗസ്റ്റ് 24ന് 'സുഹൈൽ' നക്ഷത്രം ഉദിക്കുന്നതോടെ ചൂടിന് കുറവുണ്ടാകുമെന്നാണ് വിശ്വാസം. ഈ വർഷം സുഹൈൽ നക്ഷത്രത്തിന്റെ ഉദയത്തോടെയാണ് ഇപ്പോൾ മഴ പെയ്തിരിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ ചൂടിന് ക്രമേണ ശമനമുണ്ടാകുമെന്നതിന്റെ സൂചനയാണ്.
Content Highlights: Heavy rainfall was reported in several parts of the UAE, prompting the National Centre of Meteorology to issue a safety advisory. Residents have been urged to remain cautious and follow official weather updates amid the changing conditions.