ദുബായ് ടൊയോട്ട കെട്ടിത്തിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നു; പ്രവാസികളടക്കമുള്ളവർക്ക് കണ്ണീരോടെ പടിയിറക്കം

കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മിനിമാര്‍ട്ടുകള്‍ അടക്കമുള്ളവ അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും

വീടുകള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവയായിരിക്കും. വര്‍ഷങ്ങളുടെ ഓര്‍മ്മകളുള്ള ഇടങ്ങളാണെങ്കില്‍ അതിന് പ്രിയം കൂടുകയും ചെയ്യും. അതുപോലൊരു ഇടമായിരുന്നു പ്രവാസികള്‍ക്ക് ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെ ടൊയോട്ട കെട്ടിടം. 2027 ല്‍ പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി റിയല്‍ എസ്റ്റേറ്റ് വിഭാഗം കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നു. നിലവില്‍ കെട്ടിടത്തിലെ എഴുപത് ശതമാനത്തോളം വരുന്ന താമസക്കാര്‍ മറ്റ് ഇടങ്ങളിലേക്ക് മാറിയിട്ടുണ്ട്. മലയാളികളടക്കമുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നിരിക്കുകയാണ്. പലരും വര്‍ഷങ്ങളായി ഇവിടെ താമസിച്ചു വരുന്നവരായിരുന്നു. അതുകൊണ്ടുതന്നെ ഒട്ടേറെ മധുര നിമിഷങ്ങളുടെ ഓര്‍മ്മകളുമായാണ് അവരുടെ മടക്കം.

അനധികൃതമായി മുറികള്‍ തിരിച്ച് ആളുകളെ താമസിപ്പിച്ചതും പെട്ടന്നുള്ള ഒഴിപ്പിക്കലിന് കാരണമായെന്ന് അധികൃതര്‍ പറഞ്ഞു. പല ഫ്ലാറ്റുകളിലും പതിനഞ്ചോളം ആളുകള്‍ വരെ തിങ്ങിപ്പാര്‍ക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മിനിമാര്‍ട്ടുകള്‍ അടക്കമുള്ളവ അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. നിയമാനുസൃത വാടകക്കരാറുള്ള താമസക്കാര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ വരെ കെട്ടിടത്തില്‍ തുടരാന്‍ അനുമതിയുണ്ട്. എന്നാല്‍ വലിയൊരു വിഭാഗം ആളുകള്‍ ഇതിനകം ഒഴിഞ്ഞുപോകുകയും ചെയ്തിട്ടുണ്ട്. പ്രൈം ലൊക്കേഷനുകളില്‍ കുറഞ്ഞ വാടകയ്ക്ക് താമസിക്കാന്‍ കഴിഞ്ഞിരുന്ന ഇടം കൈവിടുന്നതിന്റെ സങ്കടത്തിലാണ് പ്രവാസികള്‍ അടക്കമുള്ള താമസക്കാര്‍.

1947 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പതിനഞ്ച് നിലയുള്ള ഈ റസിഡന്‍ഷ്യല്‍ സമുച്ചയം ഷെയ്ഖ് സായിദ് റോഡിലെ ആദ്യകാല നിര്‍മിതികളിലൊന്നാണ്. 1981 ല്‍ കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച വലിയ ചുവപ്പ് ടൊയോട്ട നിയോണ്‍ ബോര്‍ഡാണ് ഇതിന് ടൊയോട്ട ബില്‍ഡിങ് എന്ന ജനപ്രിയ പേര് നല്‍കിയത്. നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച ഈ ചരിത്രകെട്ടിടം പൊളിച്ചു നീക്കുന്നതോടെ ദുബായുടെ പ്രവാസി ഓര്‍മ്മകളിലെ പ്രധാനപ്പെട്ടൊരു അധ്യായത്തിനാണ് അവസാനമാകുന്നത്.

Content Highlight: Residents, including expatriates, are moving out of Dubai’s iconic Toyota Building as the landmark prepares for demolition in 2027, marking the end of an era

To advertise here,contact us