വിദേശ തൊഴിലാളികളുടെ റെസിഡന്‍സി വിസകള്‍ റദ്ദാക്കുന്നുവെന്നും ഇറാന് സാമ്പത്തിക സഹായങ്ങള്‍ നല്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകൾ തള്ളി യുഎഇ. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതും തെറ്റായ മാധ്യമ പ്രചാരണങ്ങളുടെ ഭാഗവുമാണെന്നും യുഎഇ വ്യക്തമാക്കി.
സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷാണ് ഇത് വ്യക്തമാക്കിയത്. രാജ്യത്തെ പ്രധാന സംഭവ വികാസങ്ങളെ അഭിമുഖീകരിക്കുന്നതിലും അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്നതിലുമാണ് രാജ്യം ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ റെസിഡന്‍സി വിസ റദ്ദാക്കല്‍, ഇറാന് സാമ്പത്തിക സഹായങ്ങള്‍ ഒരുക്കുന്നു തുടങ്ങിയ പ്രചാരണങ്ങള്‍ തെറ്റാണെന്നും ഇത്തരത്തിലുള്ള അടിസ്ഥാന രഹിതമായ വാദങ്ങളെ രാജ്യം തങ്ങളുടെ പ്രവര്‍ത്തികളിലൂടെയും നേട്ടങ്ങളിലൂടേയും മറുപടി പറയുമെന്നുമാണ് അദ്ദേഹം എക്സില്‍ കുറിച്ചത്. 'ശബ്ദകോലാഹലങ്ങളേക്കാള് ശക്തം പ്രവര്‍ത്തനങ്ങളും ഊഹാപോഹങ്ങളേക്കാള്‍ ശക്തം യാഥാര്ത്ഥ്യങ്ങളുമാണെന്ന്' അദ്ദേഹം എക്സില്‍ കുറിച്ചു.
രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നയതന്ത്ര സാഹചര്യങ്ങള്‍ക്കിടയിലാണ് യുഎഇ ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയിരിക്കുന്നത്. റെസിഡന്‍സി വിസാ നിയമങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ക്കും ഔദ്യോഗിക വിദേശനയ വിവരങ്ങള്‍ക്കുമായി ഔദ്യോഗിക ഗവണ്മെന്റ് സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Content Highlight: The UAE has issued an official clarification addressing circulating reports and urged the public to rely on verified information from authorized sources