ഗോൾഡൻ വിസ എടുത്തതിന് പിന്നാലെ ജോലി പോയി; നഷ്ടപരിഹാരം ആവശ്യപ്പെട്ട ജീവനക്കാരന്റെ ഹർജി കോടതി തള്ളി

ഇരുകക്ഷികളുടെയും വാദങ്ങൾ കേട്ട കോടതി, ജീവനക്കാരന്റെ നഷ്ടപരിഹാര ആവശ്യം തള്ളി

യുഎഇയിൽ ഗോൾഡൻ വിസയ്ക്കായി താൽക്കാലികമായി ജോലി ഉപേക്ഷിച്ച ജീവനക്കാരന് തിരിച്ചടി. ഗോൾഡൻ വിസ ലഭിച്ചതിന് ശേഷം ജോലിയിൽ തിരികെ പ്രവേശിക്കാമെന്നും പുതിയ കരാർ നൽകുമെന്നും കമ്പനിയുമായി ധാരണയുണ്ടായിരുന്നുവെന്ന ജീവനക്കാരന്റെ വാദം അബുദാബി കോടതി തള്ളി. അന്യായമായി പിരിച്ചുവിട്ടുവെന്നും സാമ്പത്തിക നഷ്ടമുണ്ടായെന്നും കാണിച്ച് 100,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി തള്ളിയത്. ആരോപണങ്ങൾ തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയ കോടതി, കേസ് ചെലവുകൾ കൂടി ഹർജിക്കാരൻ നൽകാൻ ഉത്തരവിട്ടു.

ഒരു കമ്പനിയുടെ സ്പോൺസർഷിപ്പിൽ സാധാരണ റസിഡൻസി വിസയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് സ്വയം സ്പോൺസർഷിപ്പിലേക്ക് മാറാനുള്ള അവസരമാണ് ഗോൾഡൻ വിസയിലൂടെ ലഭിക്കുന്നത്. ഇതിന്റെ ഭാ​ഗമായി നിലവിലുള്ള പഴയ തൊഴിൽ വിസയും വർക്ക് പെർമിറ്റും നീക്കം ചെയ്യേണ്ടതുണ്ട്. ഈ നിയമമാണ് ജീവനക്കാരന് തിരിച്ചടിയായത്.

2024 ജൂലൈ 11 മുതൽ രണ്ടു വർഷത്തെ കരാറിലായിരുന്നു ജീവനക്കാരൻ യുഎഇയിൽ ജോലി ചെയ്തിരുന്നത്. തുടർന്ന് 2025 ആഗസ്റ്റിൽ അദ്ദേഹത്തിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ഈ ദീർഘകാല വിസ ലഭിക്കുന്ന നടപടികളുടെ ഭാഗമായി നിലവിലുണ്ടായിരുന്ന തൊഴിൽ കരാറും റസിഡൻസി, വർക്ക് പെർമിറ്റുകളും താൽക്കാലികമായി റദ്ദാക്കി. ഗോൾഡൻ വിസ ലഭിച്ചുകഴിഞ്ഞാൽ കമ്പനി തനിക്ക് പുതിയ തൊഴിൽ കരാറും വർക്ക് പെർമിറ്റും നൽകുമെന്ന ധാരണയിലായിരുന്നു ഇത്. എന്നാൽ ഗോൾഡൻ വീസ ലഭിച്ചതിന് ശേഷവും കമ്പനി പുതിയ കരാർ നൽകിയില്ലെന്ന് ജീവനക്കാരൻ ആരോപിക്കുന്നു.

തുടർന്ന്, യുഎഇയുടെ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിപ്രകാരം ആനുകൂല്യങ്ങൾക്കായി അദ്ദേഹം ഇൻഷുറൻസ് കമ്പനിയെ സമീപപ്പോഴാണ് തന്റെ തൊഴിൽ കരാർ 2025 ആഗസ്റ്റ് 11-ന് ഔദ്യോഗികമായി അവസാനിച്ചെന്നും പുതിയ കരാർ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അറിയുന്നത്. റെക്കോർഡ് ചെയ്ത തീയതി മുതൽ ഒരു മാസത്തിലധികം പിന്നിട്ടിരുന്നതിനാൽ ഇൻഷുറൻസ് കമ്പനി അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചു. ഇതിനുപുറമേ, കരാർ അവസാനിപ്പിച്ചതുകാരണം തനിക്ക് ഇൻഷുറൻസ് ആനുകൂല്യങ്ങളും, മാസശമ്പളം 45,975 ദിർഹം ലഭിക്കുമായിരുന്ന സൗദി അറേബ്യയിലെ ഒരു വലിയ ജോലി അവസരവും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. താൻ പൂർണ്ണമായും തൊഴിൽരഹിതനായി മാറിയെന്നും ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം കമ്പനിയോട് 100,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

എന്നാൽ ജീവനക്കാരന്റെ വാദങ്ങളെ കമ്പനി പൂർണ്ണമായും തള്ളി. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും യുഎഇ ലേബർ നിയമങ്ങൾ പൂർണ്ണമായി പാലിച്ച് രേഖാമൂലം നോട്ടിസ് നൽകിയാണ് കരാർ അവസാനിപ്പിച്ചതെന്നും കമ്പനി വ്യക്തമാക്കി. ജീവനക്കാരൻ നോട്ടിസ് കാലയളവ് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, സാമ്പത്തിക നഷ്ടമുണ്ടായെന്നോ സൗദിയിൽ ജോലി അവസരം നഷ്ടപ്പെട്ടെന്നോ തെളിയിക്കാൻ യാതൊരുവിധ രേഖകളും ജീവനക്കാരന്റെ പക്കലില്ലെന്നും കമ്പനി ചൂണ്ടിക്കാണിച്ചു.

ഇരുകക്ഷികളുടെയും വാദങ്ങൾ കേട്ട കോടതി, ജീവനക്കാരന്റെ നഷ്ടപരിഹാര ആവശ്യം തള്ളി. ഗോൾഡൻ വിസ ലഭിക്കുന്നതിന്റെ ഭാഗമായി പരസ്പര സമ്മതത്തോടെയാണ് കരാറും വർക്ക് പെർമിറ്റും റദ്ദാക്കിയതെന്ന് ജീവനക്കാരൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അതിനാൽ ആ കരാർ റദ്ദാക്കൽ കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയോ നിയമവിരുദ്ധ പ്രവൃത്തിയോ ആയി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഗോൾഡൻ വിസയ്ക്ക് ശേഷം പുതിയ കരാർ നൽകണമെന്ന് കമ്പനിക്ക് ബാധ്യതയുണ്ടായിരുന്നുവെന്നോ അതിനായി ധാരണയുണ്ടായിരുന്നുവെന്നോ തെളിയിക്കുന്നതിൽ ജീവനക്കാരൻ പരാജയപ്പെട്ടു.

തനിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നോ സൗദിയിലെ ജോലി അവസരം നഷ്ടപ്പെട്ടെന്നോ ഉള്ള വാദങ്ങൾ സാധൂകരിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. തൊഴിൽ നഷ്ട ഇൻഷുറൻസ് ആനുകൂല്യം നഷ്ടപ്പെട്ടതിന് കമ്പനിയാണ് ഉത്തരവാദിയെന്ന് തെളിയിക്കാനും ഹർജിക്കാരനായില്ല. ഈ കാരണങ്ങളാൽ ജീവനക്കാരൻ ഉന്നയിച്ച ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് കണ്ടെത്തിയ കോടതി, 100,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജി പൂർണ്ണമായി തള്ളുകയാണുണ്ടായത്. കൂടാതെ കോടതി ചെലവുകൾ വഹിക്കാനും അദ്ദേഹത്തിന് കോടതി ഉത്തരവ് നൽകി.

Content Highlights: GCC countries have urged measures to guarantee the safety of maritime traffic in the Strait of Hormuz. The demand comes amid concerns over regional stability and the security of one of the world’s most important shipping routes.

To advertise here,contact us