ബിഗ് ടിക്കറ്റിന്റെ ജൂലൈ മാസത്തിലെ മൂന്നാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പിൽ നേട്ടം സ്വന്തമാക്കി പ്രവാസികൾ. ഡൊമിനിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേർക്കാണ് 25,000 ദിർഹം (ഏകദേശം 5.7 ലക്ഷം രൂപ) വീതം സമ്മാനം ലഭിച്ചത്. മലയാളി പ്രവാസികളായ ലിന്റോ ജോസ് മെച്ചേരി, അജീഷ് പൊന്നപ്പൻ എന്നിവർ വിജയികളിൽ ഉൾപ്പെടുന്നു.
ഷാർജയിൽ ബിസിനസ്സ് നടത്തുന്ന ചെന്നൈ സ്വദേശിയായ കാജിനിമുഹമ്മദ് ബഹാറുദീനാണ് സമ്മാനം നേടിയ ഇന്ത്യക്കാരിൽ ഒരാൾ. കഴിഞ്ഞ 24 വർഷമായി കുടുംബത്തോടൊപ്പം ഷാർജയിൽ താമസിക്കുകയാണ് 44-കാരനായ കാജിനിമുഹമ്മദ്. 2019 മുതൽ സ്ഥിരമായി ടിക്കറ്റെടുക്കുന്നുണ്ട്. ഇത്തവണ തന്റെ രണ്ട് വയസ്സുള്ള മകൾ തിരഞ്ഞെടുത്ത ടിക്കറ്റിലൂടെയാണ് ആദ്യമായി അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും വരുന്ന നറുക്കെടുപ്പുകളിലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നുള്ള 56-കാരനായ ലിന്റോ ജോസ് മെച്ചേരി 30 വർഷമായി യുഎഇയിൽ സെയിൽസ് മാനേജറായി ജോലി ചെയ്യുകയാണ്. പത്തുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ലിന്റോ എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കുന്നത്. ലിന്റോയുടെ ജനനത്തീയതിയായ 23-ൽ തുടങ്ങുന്ന ടിക്കറ്റ് നമ്പർ സുഹൃത്താണ് തിരഞ്ഞെടുത്ത് നൽകിയത്. ബിഗ് ടിക്കറ്റിൽ ആദ്യമായി ലഭിച്ച ഈ സമ്മാനത്തുക സംഘത്തിലെ അംഗങ്ങളെല്ലാവരും വീതിച്ചെടുക്കും.
മലയാളിയായ അജീഷ് പൊന്നപ്പനാണ് (57) സമ്മാനം നേടിയ മൂന്നാമത്തെയാൾ. ഫിനാൻസ് മാനേജരായി ജോലി ചെയ്യുന്ന അജീഷ്, കഴിഞ്ഞ ഒന്നര വർഷമായി അഞ്ച് സഹപ്രവർത്തകർക്കൊപ്പമാണ് ടിക്കറ്റ് എടുക്കുന്നത്. വീട്ടിൽ ടെലിവിഷൻ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ബിഗ് ടിക്കറ്റ് വിജയിച്ചെന്ന ഫോൺകോൾ അജീഷിനെ തേടിയെത്തിയത്. തന്റെ ഭാഗ്യനമ്പറായ ഏഴ് ഉൾപ്പെട്ട ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും തനിക്ക് ലഭിക്കുന്ന സമ്മാനത്തുക ദൈനംദിന ചെലവുകൾക്കായി ഉപയോഗിക്കുമെന്നും അജീഷ് വ്യക്തമാക്കി. ഡൊമിനിക്കയിൽ ജനിച്ച മഹർ അൽദാഗറാണ് ഡൊമിനിക്കയിൽ നിന്നുള്ള വിജയി.
ജൂലൈ മാസത്തിലെ ബിഗ് ടിക്കറ്റ് പ്രൊമോഷനുകൾ ഇപ്പോഴും തുടരുകയാണ്. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി 20 ദശലക്ഷം ദിർഹവും (രണ്ട് കോടി ദിർഹം) അഞ്ച് പേർക്ക് ആശ്വാസ സമ്മാനമായി 1,00000 ദിർഹം വീതവും ലഭിക്കും. കൂടാതെ, ജൂലൈയിൽ ടിക്കറ്റെടുക്കുന്നവർക്ക് ഓഗസ്റ്റ് മൂന്നിലെ തത്സമയ ചടങ്ങിൽ തിരഞ്ഞെടുക്കപ്പെടുന്നതിലൂടെ സെപ്റ്റംബർ മൂന്നിന് നടക്കാനിരിക്കുന്ന 'ദി ബിഗ് സ്പിൻ' മത്സരത്തിൽ പങ്കെടുത്ത് 10 ലക്ഷം ദിർഹം വരെ നേടാനും അവസരമുണ്ട്.
Content Highlights: The latest Big Ticket weekly draw has brought good news for Indian participants, with three Indians—including two Malayalis—emerging as winners.