ദുബായിൽ വാഹന മോഡിഫിക്കേഷനുകൾക്ക് ആർ ടി എയുടെ കർശന വിലക്ക്

വാഹനങ്ങളിൽ വരുത്തുന്ന മോഡിഫിക്കേഷനുകൾ സുരക്ഷയെ ബാധിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ പ്രത്യേക സാങ്കേതിക വിദഗ്ധ സംഘത്തെ ആർ ടി എ ചുമതലപ്പെടുത്തിയിട്ടുണ്ട്

വാഹനങ്ങളുടെ എഞ്ചിൻ മാറ്റങ്ങൾക്കും അമിത ശബ്ദമുണ്ടാക്കുന്ന മോഡിഫിക്കേഷനുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ). സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിൽ വാഹനങ്ങളിൽ മാറ്റം വരുത്തുന്നത് അനുവദിക്കില്ലെന്നും ഒറിജിനൽ എഞ്ചിൻ സവിശേഷതകളിൽ മാറ്റം വരുത്താൻ ആർ ടി എയുടെ പ്രത്യേക അനുമതി നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഓരോ വാഹനവും നിർമിച്ച് വിപണിയിലെത്തുന്നത്. അതിനാൽ എഞ്ചിൻ ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങളിൽ അനുമതിയില്ലാതെ മാറ്റം വരുത്തുന്നത് വാഹനത്തിന്റെ സുരക്ഷയെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷയെയും ബാധിക്കാമെന്ന് ആർ ടി എ മുന്നറിയിപ്പ് നൽകി. വാഹനങ്ങളിൽ വരുത്തുന്ന മോഡിഫിക്കേഷനുകൾ സുരക്ഷയെ ബാധിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ പ്രത്യേക സാങ്കേതിക വിദഗ്ധ സംഘത്തെ ആർ ടി എ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത മാറ്റങ്ങൾ കണ്ടെത്തിയാൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. അതേസമയം, വാഹനങ്ങൾക്ക് അനുവദനീയമായ പരമാവധി ശബ്ദപരിധി 95 ഡെസിബെൽ ആണെന്നും ആർ ടി എ ഓർമ്മിപ്പിച്ചു. ഈ പരിധി ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

അനധികൃത എക്‌സോസ്റ്റ് സംവിധാനങ്ങളും അമിത ശബ്ദമുണ്ടാക്കുന്ന മറ്റ് മോഡിഫിക്കേഷനുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനുമായി രാജ്യത്തെ നിലവിലുള്ള ഗതാഗത, പരിസ്ഥിതി മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

Content Highlight: Dubai's Roads and Transport Authority has reinforced strict restrictions on unauthorised vehicle modifications

To advertise here,contact us