തിരക്കേറിയ ജീവിതശൈലിക്ക് ആശ്വാസമായി യുഎഇയിൽ റെഡി-ടു-ഈറ്റ് ഭക്ഷണങ്ങളുടെ വിപണി വിപുലമാകുന്നു. യുഎഇയിലെ താമസക്കാരുടെ തിരക്കേറിയ ജീവിതശൈലി കണക്കിലെടുത്ത്, റെഡി-ടു-ഈറ്റ്, റെഡി-ടു-കുക്ക് ഭക്ഷണവിഭവങ്ങളുടെ ശ്രേണി രാജ്യത്തെ പ്രമുഖ റീട്ടെയിൽ വ്യാപാരികൾ വൻതോതിൽ വിപുലീകരിക്കുന്നു. ലുലു ഗ്രൂപ്പ്, യൂണിയൻ കോപ്പ്, സ്പിന്നീസ്, കാരഫോർ തുടങ്ങിയ പ്രമുഖ സൂപ്പർമാർക്കറ്റ്-ഹൈപ്പർമാർക്കറ്റ് മേഖലകൾ ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കനുസരിച്ച് വിപുലമായ സൗകര്യങ്ങളാണ് സ്റ്റോറുകളിൽ ഒരുക്കുന്നത്.
ഓഫീസ് ജീവനക്കാർ, ബാച്ചിലർമാർ, സമയക്കുറവ് നേരിടുന്ന കുടുംബങ്ങൾ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ മാറ്റം. മുൻപത്തെപ്പോലെ വെറും ഫാസ്റ്റ് ഫുഡ് എന്നതിലുപരി, ആരോഗ്യത്തിന് മുൻഗണന നൽകുന്ന വിഭവങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാർ ഏറെയുള്ളത്. ഇത് മുൻനിർത്തി കലോറി കുറഞ്ഞ ഭക്ഷണങ്ങൾ, പ്രോട്ടീൻ അടങ്ങിയ സലാഡുകൾ, നോൺവെജ്/വെജിറ്റേറിയൻ ഓപ്ഷനുകൾ, ജൈവ വിഭവങ്ങൾ എന്നിവ റീട്ടെയിലർമാർ തങ്ങളുടെ കൗണ്ടറുകളിൽ ലഭ്യമാക്കുന്നു. സാങ്കേതികവിദ്യയുടെ വളർച്ചയും മൊബൈൽ ആപ്പുകൾ വഴിയുള്ള അതിവേഗ ഡെലിവറിയും ഇത്തരം ഭക്ഷണങ്ങളുടെ ജനപ്രീതി വർധിപ്പിച്ചു.
ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ളതും മിതമായ നിരക്കിലുള്ളതുമായ ഭക്ഷണങ്ങൾ നൽകാനാണ് തങ്ങൾ ശ്രദ്ധിക്കുന്നത്. പ്രാദേശിക വിഭവങ്ങൾക്കൊപ്പം അന്താരാഷ്ട്ര രുചികളും ലുലുവിന്റെ റെഡി-ടു-ഈറ്റ് കൗണ്ടറുകളിൽ ലഭ്യമാണ് എന്ന് ലുലു ഗ്രൂപ്പ് പറഞ്ഞു. ജോലി കഴിഞ്ഞു മടങ്ങുന്നവർക്കും പാചകം ചെയ്യാൻ സമയമില്ലാത്തവർക്കും വലിയ ആശ്വാസമാണ് ഈ വിഭവങ്ങൾ. ആരോഗ്യകരമായ ചേരുവകൾ ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു എന്നാണ് യൂണിയൻ കോപ്പ് പറയുന്നത്. ഈ റീട്ടെയിലർമാരും തങ്ങളുടെ 'ഫ്രഷ് ഫുഡ്' കൗണ്ടറുകൾ വിപുലീകരിച്ചു കഴിഞ്ഞു. വീട്ടിൽ ഉണ്ടാക്കുന്ന അതേ ഗുണനിലവാരത്തോടെയുള്ള സൂപ്പുകൾ, സാൻഡ്വിച്ചുകൾ, മെഡിറ്ററേനിയൻ-ഏഷ്യൻ വിഭവങ്ങൾ എന്നിവ ഇവർ പ്രവാസികൾക്കായി ഒരുക്കുന്നു എന്ന് സ്പിന്നീസ് & കാരഫോറും പറഞ്ഞു. രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാതെ സമയം ലാഭിക്കാൻ സഹായിക്കുന്ന 'ഹെൽത്തി റെഡി മീൽസ്' സംസ്കാരം യുഎഇ ഫുഡ് റീട്ടെയിൽ മേഖലയിൽ വലിയൊരു വിപ്ലവമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
Content Highlight: Retail giants in the UAE are expanding their ready-to-eat food selections as demand grows among consumers with busy lifestyles