പശ്ചിമേഷ്യൻ സംഘർഷം;യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്നവർ ഫ്ലക്‌സി ടിക്കറ്റിലേക്ക്, അവസാന നിമിഷ ബുക്കിങ് കുറയുന്നു

യാത്രാ പദ്ധതിയില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടായാല്‍ അധിക ചെലവില്ലാതെ തീയതി മാറ്റാന്‍ കഴിയുന്നതിനാലാണ് ഫ്‌ലെക്‌സി ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നത്

പശ്ചിമേഷ്യന്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ യുഎഇയില്‍ നിന്നുള്ള യാത്രക്കാരുടെ യാത്രാ പദ്ധതികളില്‍ മാറ്റം പ്രകടമാകുന്നു. വേനല്‍ക്കാല അവധിയാത്രകള്‍ റദ്ദാക്കാതെ തുടരുന്നുണ്ടെങ്കിലും, കൂടുതല്‍ പേര്‍ ഫ്ലക്‌സി ടിക്കറ്റുകള്‍ തെരഞ്ഞെടുക്കുകയും അവസാന നിമിഷ ബുക്കിങ് ഒഴിവാക്കി 'കാത്തിരുന്ന് കാണാം' എന്ന സമീപനം സ്വീകരിക്കുകയും ചെയ്യുന്നതായി ട്രാവല്‍ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

മുന്‍കൂട്ടി വിമാന ടിക്കറ്റും ഹോട്ടലും ബുക്ക് ചെയ്ത ഏകദേശം 70 ശതമാനം യാത്രക്കാരും യാത്ര തുടരുന്നുണ്ടെങ്കിലും പുതിയ ബുക്കിങ്ങുകളില്‍ ജാഗ്രത വര്‍ധിച്ചിരിക്കുകയാണ്. യാത്രാ പദ്ധതിയില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടായാല്‍ അധിക ചെലവില്ലാതെ തീയതി മാറ്റാന്‍ കഴിയുന്നതിനാലാണ് ഫ്ലക്‌സി ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നത്. സൗദി അറേബ്യയിലേക്കുള്ള യാത്രാ ആവശ്യകതയിലാണ് ഏറ്റവും കൂടുതല്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രത്യേകിച്ച് കോര്‍പ്പറേറ്റ് യാത്രകളും അബഹ മേഖലയിലേക്കുള്ള സര്‍വീസുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും യാത്രക്കാരുടെ ആത്മവിശ്വാസത്തെ ബാധിച്ചതായി ചില ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം 7.8 ശതമാനം ജോര്‍ജിയ, 34.5 ശതമാനം തുര്‍ക്കി, 78.4 ശതമാനം ഉസ്ബെക്കിസ്ഥാന്‍ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്കുമുള്ള ബുക്കിങിന് താല്‍പര്യം വര്‍ദ്ധിക്കുന്നു. കൂടാതെ തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, ബാലി തുടങ്ങിയ ലക്ഷ്യസ്ഥലങ്ങളിലേക്കുമുള്ള താല്‍പര്യവും വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എയര്‍ലൈന്‍ സര്‍വീസുകളില്‍ വലിയ തോതില്‍ വെട്ടിക്കുറവ് വന്നിട്ടില്ലെന്നും യുഎഇയില്‍ നിന്ന് പ്രാദേശിക റൂട്ടുകളിലെ വിമാന നിരക്കുകളും താരതമ്യേന സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നും ട്രാവല്‍ മേഖല വ്യക്തമാക്കുന്നു. യാത്ര റദ്ദാക്കുന്നതിന് പകരം കൂടുതല്‍ സൗകര്യപ്രദവും മാറ്റങ്ങള്‍ അനുവദിക്കുന്നതുമായ ബുക്കിങ് രീതികളിലേക്കാണ് യാത്രക്കാര്‍ മാറുന്നതെന്നും വിലയിരുത്തുന്നു.അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി മേഖലയിലെ ചില വ്യോമപാതകള്‍ ഉപയോഗിക്കുന്നതില്‍ വിമാനക്കമ്പനികള്‍ക്ക് പുതുക്കിയ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlight: Last-minute flight bookings from the UAE for flexible airline tickets have declined amid the ongoing West Asia conflict

To advertise here,contact us