യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്ന് 77-ാം ജന്മദിനം. ഭരണമികവിലും ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിലും അറബ് സ്വത്വം ആഗോളതലത്തിൽ ഉയർത്തിപ്പിടിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരി ആയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിനെ വിലയിരുത്തുന്നത്. ലോകത്തെ അത്ഭുതപ്പെടുത്തിയ ദുബായുടെ വികസന നായകനായ ഷെയ്ഖ് മുഹമ്മദ് നടപ്പിലാക്കിയ പ്രധാന പദ്ധതികളെയും ഇടപെടലുകളെയും ഏറെ ആദരവോടെയാണ് ലോകം കാണുന്നത്.
1971-ൽ തന്റെ 22-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ ചരിത്രമുണ്ട് ഷെയ്ഖ് മുഹമ്മദിന്. ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിലും അറബ് ലോകത്തിന്റെ നവോത്ഥാന നായകനായി അദ്ദേഹം തിളങ്ങിനിൽക്കുന്നു. അറബ് സംസ്കാരവും ഭാഷയും ആഗോളതലത്തിൽ അടയാളപ്പെടുത്താൻ അദ്ദേഹം നടപ്പിലാക്കിയ പദ്ധതികൾ ലോകശ്രദ്ധ പിടിച്ചുപറ്റിയവയാണ്.
വിദ്യാഭ്യാസ-ശാസ്ത്ര മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. 2015-ൽ തുടക്കം കുറിച്ച 'അറബ് റീഡിംഗ് ചലഞ്ച്' ഇന്ന് 60 രാജ്യങ്ങളിൽ നിന്നായി നാല് കോടിയിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വായനാ മത്സരമായി മാറിക്കഴിഞ്ഞു. ശാസ്ത്ര-ചിന്താ മേഖലകളിലെ പ്രതിഭകളെ ആദരിക്കാൻ 2022-ൽ ആരംഭിച്ച, 'അറബ് നോബൽ' എന്നറിയപ്പെടുന്ന 'ഗ്രേറ്റ് അറബ് മൈൻഡ്സ്' പദ്ധതിയിലൂടെ 100 മില്യൺ ദിർഹത്തിന്റെ വലിയ പിന്തുണയാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
അറബി ഭാഷയുടെ സംരക്ഷണത്തിനായി 2014-ൽ ആരംഭിച്ച പുരസ്കാരവും 123 രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്ത 'ദുബായ് ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡും' അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്. ഇതിൽ 2025 മുതൽ പെൺകുട്ടികൾക്കും ഖുർആൻ മത്സരത്തിൽ പങ്കെടുക്കാൻ അദ്ദേഹം ചരിത്രപരമായ അനുമതി നൽകിയിരുന്നു. കായികരംഗത്തും അറബ് കരുത്തിന് ഒപ്പം നിന്ന അദ്ദേഹം, ഫിഫ ലോകകപ്പിൽ ഈജിപ്തിന്റെയും മൊറോക്കോയുടെയും ചരിത്ര മുന്നേറ്റങ്ങളെ പരസ്യമായി അഭിനന്ദിച്ച് കൈയടി നേടിയിരുന്നു.
"സ്വപ്നങ്ങൾക്ക് അതിരുകളില്ല, ലക്ഷ്യബോധമുള്ളവന് മുന്നിൽ വഴികൾ തനിയെ തുറക്കപ്പെടും," എന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ വാക്കുകൾ തന്നെയാണ് ഇന്ന് യുഎഇ എന്ന രാജ്യത്തിന് നേർവഴി കാട്ടുന്നതും പുതിയ ചരിത്രങ്ങൾ കുറിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതും.
Content Highlights: Dubai Ruler Sheikh Mohammed bin Rashid Al Maktoum celebrates his birthday today. He is widely recognised for his role in shaping Dubai’s growth and promoting the UAE’s global presence.