ആദ്യ ഉപയോഗം തന്നെ മരണത്തിന് കാരണമായേക്കാം; സിന്തറ്റിക് ലഹരിക്കെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ

ലഹരിമുക്തിക്കായി സ്വമേധയാ മുന്നോട്ടുവരുന്നവർക്കും ചികിത്സ തേടുന്നവർക്കും പൂർണ്ണമായ നിയമപരിരക്ഷ ലഭിക്കുമെന്നും യുഎഇ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്

നിയമവിരുദ്ധ ലബോറട്ടറികളിൽ സങ്കീർണ്ണമായ രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന സിന്തറ്റിക് ലഹരി മരുന്നുകൾക്കെതിരെ കടുത്ത ജാഗ്രതാ നിർദ്ദേശവുമായി യുഎഇ. ഇത്തരം മരുന്നുകളുടെ ആദ്യത്തെ ഉപയോഗം തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ചിലപ്പോൾ പെട്ടെന്നുള്ള മരണത്തിന് വരെ കാരണമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. യുഎഇ നാഷനൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റിയും ഗവൺമെന്റ് മീഡിയ ഓഫീസും സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പെയ്നിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.

നേരിട്ട് തലച്ചോറിനെ ബാധിക്കുന്ന ഇത്തരം മാരക ലഹരിവസ്തുക്കളുടെ കെണിയിൽ വീഴാതിരിക്കാൻ, ആരെങ്കിലും തരുന്ന ആദ്യത്തെ ഓഫർ തന്നെ കർശനമായി നിരസിക്കുക എന്നത് മാത്രമാണ് ഏക പ്രതിരോധ മാർഗ്ഗമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. കൗമാരക്കാരും കുട്ടികളുമാണ് പലപ്പോഴും ഇതിന്റെ പ്രധാന ഇരകൾ. അതിനാൽ കുട്ടികളിൽ പെട്ടെന്നുണ്ടാകുന്ന സ്വഭാവമാറ്റം, കടുത്ത ഉറക്കക്കുറവ്, അമിതമായ ദേഷ്യം, അകാരണമായ ഭയം എന്നിവ കണ്ടാൽ രക്ഷിതാക്കളും അധ്യാപകരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

ലഹരിയുടെ കെണിയിൽ അകപ്പെട്ടുപോയവർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ സഹായത്തിനായി 80044 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ലഹരിമുക്തിക്കായി സ്വമേധയാ മുന്നോട്ടുവരുന്നവർക്കും ചികിത്സ തേടുന്നവർക്കും പൂർണ്ണമായ നിയമപരിരക്ഷ ലഭിക്കുമെന്നും യുഎഇ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കേസുകളിൽ അവർക്കെതിരെ ശിക്ഷാനടപടികൾ ഉണ്ടാകില്ലെന്നും പകരം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള പൂർണ്ണ പിന്തുണയാണ് രാജ്യം നൽകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Content Highlights: UAE authorities have warned the public about the severe dangers of synthetic drugs, highlighting that even a single use can lead to life-threatening consequences. Strict action against drug abuse continues.

To advertise here,contact us