നിക്ഷേപ തട്ടിപ്പില്‍ വീണുപോകരുതെന്ന മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. വേഗത്തിലുള്ളതും, ഉറപ്പുള്ളതുമായ ലാഭം വാഗ്ദാനം ചെയ്ത് വരുന്ന നിക്ഷേപത്തെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. നിക്ഷേപകരുടെ പണം കവരാന്‍ ഇത്തരം വാഗ്ദാനങ്ങള്‍ തട്ടിപ്പ് സംഘങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
നേരത്തെ ദുബായി പൊലീസും സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സംഘടനകളോ ആളുകളോ സമീപിച്ചാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. തട്ടിപ്പ് സംഘങ്ങളെ എങ്ങനെ മനസിലാക്കാം എന്ന അഞ്ച് നിര്‍ദ്ദേശങ്ങളും മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്.
പെട്ടെന്ന് തന്നെ നിക്ഷേപം നടത്തണമെന്ന സമ്മര്‍ദ്ദം, ചെറിയ കാലയളവില്‍ തന്നെ വലിയ ലാഭമുണ്ടാകുമെന്ന ഉറപ്പ്, വ്യാപാരത്തെ കുറിച്ചും അതില്‍ നിന്നുള്ള ലാഭം എങ്ങനെയുണ്ടാകുമെന്നതിനെ കുറിച്ചുമുള്ള അവ്യക്തത, വ്യക്തി-ബാങ്ക് വിവരങ്ങള്‍ ചോദിക്കല്‍, കമ്പനിയുടെ ലൈസന്‍സോ സ്ഥലമോ സ്ഥിരീകരിക്കാന്‍ സാധിക്കാതിരിക്കല്‍ എന്നീ അടയാളങ്ങളാണ് വ്യാജന്മാരെ മനസിാക്കാന് മന്ത്രാലയം പുറത്തിറക്കിയത്.
നിക്ഷേപ തട്ടിപ്പില്‍ പണം നഷ്ടപ്പെടുമെന്ന പ്രശ്നം മാത്രമല്ലെന്നും മറ്റ് പല ആശങ്കകളും നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രാലയം പറയുന്നു. തട്ടിപ്പിന് ഇരയാകുന്ന വ്യക്തിയുടെ വ്യക്തിപരമായ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും ഈ ആശങ്കയില്‍ ഉള്‍പ്പെടുന്നു. ഇതിലൂടെ ആളുകള്‍ക്ക് വലിയ മാനസിക പ്രശ്നങ്ങളുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
തട്ടിപ്പില്‍ നിന്നും രക്ഷ നേടാനുള്ള വഴിയും മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്. നിക്ഷേപം നടത്തുന്നതിന് മുമ്പ് കമ്പനിയുടെ ലൈസന്‍സ് സ്ഥിരീകരിക്കുക, പണമിടപാടിന് മുമ്പ് യോഗ്യരായ സ്പെഷ്യലിസ്റ്റുകളെ സമീപിച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക, ഔദ്യോഗികമായി ലൈസന്‍സുകളുള്ള കമ്പനികളുമായി മാത്രം ഇടപാട് നടത്തുക, വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം അയക്കാതിരിക്കുക, വ്യക്തിഗത വിവരങ്ങളോ ഒടിപിയോ പങ്കുവെക്കാതിരിക്കുക, അറിയാത്ത-സ്ഥിരീകരിക്കാത്ത വ്യാജ ആപ്പുകളില്‍ നിന്നും വെബ്സൈറ്റില്‍ നിന്നും ജാഗ്രത പാലിക്കുക എന്നീ മുന്നറിയിപ്പുകളാണ് മന്ത്രാലയം നല്‍കുന്നത്.
Content Highlights: The UAE Ministry of Interior has issued a public warning about the growing risk of investment scams