യുഎഇയിൽ വരും ദിവസങ്ങളിൽ ശക്തമായ ചൂടും പൊടിക്കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഒക്ടോബർ പകുതിയിലേക്ക് കടക്കുമ്പോഴും സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് ഇപ്പോൾ യുഎഇയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 47.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത് അബുദാബി അൽ ദഫ്റ മേഖലയിലെ മെസൈറയിലായിരുന്നു.
ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും പുറം ജോലികളിൽ ഏർപ്പെടുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിൽ ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെ നിർബന്ധിത ഉച്ചവിശ്രമം അനുവദിച്ചിട്ടുണ്ടെങ്കിലും രാവിലെ 11 മണിയോടെ തന്നെ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നതെന്ന് തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. നിർജ്ജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി കുറയ്ക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
വരും ദിവസങ്ങളിൽ തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശകളിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് അന്തരീക്ഷത്തിൽ വലിയ രീതിയിൽ പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമായേക്കാം. പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നതിനാൽ കടലിൽ പോകുന്നവരും തീരദേശവാസികളും ജാഗ്രത പാലിക്കണം.
അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വർദ്ധിക്കുന്നതിനാൽ വരും ദിവസങ്ങളിൽ പുലർച്ചെ സമയങ്ങളിൽ കനത്ത മൂടൽമഞ്ഞിനും മൂടിക്കെട്ടിയ അന്തരീക്ഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. മൂടൽമഞ്ഞ് കാരണം റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും കൃത്യമായ അകലം പാലിച്ചുമാത്രമേ വാഹനങ്ങൾ ഓടിക്കാവൂ എന്നും ട്രാഫിക് അധികൃതർ പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: The UAE is witnessing a sharp rise in temperatures, with maximum levels expected to reach 48 degrees. Weather conditions may include dust storms and reduced visibility due to fog in certain regions.