സുഹൃത്തിന്റെ ചതിക്കുഴിയില്‍ അകപ്പെട്ട് തലചായ്ക്കാന്‍ ഒരിടമില്ലാതെ ഷാര്‍ജയില്‍ ബുദ്ധിമുട്ടിലായി ആലപ്പുഴ മാവേലിക്കര സ്വദേശി. ഒരു നേരത്തെ ആഹാരത്തിന് പോലും വഴിയില്ലാതെ ഷാര്‍ജ മുവൈലയിലെ ഒരു കെട്ടിടത്തിന്റെ പടിക്കെട്ടിനടിയിലെ ഒഴിഞ്ഞ കോണിലാണ് ജീവിതം കരപിടിപ്പിക്കാന്‍ കടല്‍ താണ്ടി വന്ന ആലപ്പുഴ സ്വദേശിയുടെ ജീവിതം ഇപ്പോള്‍.
2018ലാണ് ഈ 38കാരന് യുഎഇയിലെത്തിയത്. ഓയില്‍ ഫീല്‍ഡ് ഫ്ളോര്‍മാന്‍ കോഴ്സ് പാസായ മാവേലിക്കര സ്വദേശി സൗദിയിലെ ജിദ്ദി സിറ്റി സെന്ററിലും ഒമാനിലെ പ്രമുഖ പെട്രോളിയം കമ്പനിയിലും ജോലി ചെയ്തതിന് ശേഷമായിരുന്നു യുഎഇയിലേക്കുള്ള ചുവടുമാറ്റം. യുഎഇയിയായിരുന്നില്ല ഇദ്ദേഹത്തിന്റെ ലക്ഷ്യം. മറിച്ച്, കാനഡയായിരുന്നു.
കാനഡയിലേക്ക് പോകാനായി നാട്ടിലേക്ക് തിരിച്ചെത്തിയ ഇയാളെ ആദ്യം ഏജന്‍സി പറ്റിക്കുകയായിരുന്നു. ആദ്യം കാനഡ വിസയ്ക്കായി ആറ് ലക്ഷത്തോളം രൂപ വാങ്ങി ഏജന്‍സി പറ്റിച്ചു. പിന്നീട് ദുബായ് വഴി കാനഡയിലേക്ക് പോകാമെന്ന് വിശ്വസിപ്പിച്ച് സന്ദര്‍ശക വിസയില്‍ ദുബായിയിലെത്തിച്ച് ഏജന്‍സി മുങ്ങി.
എന്നാല്‍ ഈ ചതിയില്‍ വീഴാതെ 2021ല്‍ യുഎയില്‍ തൊഴില്‍ വിസ കണ്ടെത്തി ജീവിതം മുന്നോട്ട് പോകാനായിരുന്നു ശ്രമം. പക്ഷേ അവിടെയും ചതി വല വിരിച്ച് ആളുകള്‍ കാത്തിരിക്കുന്നുണ്ടെന്ന് ഈ 38കാരന് അറിഞ്ഞിരുന്നില്ല. അജ്മാനില്‍ വെച്ച് പരിചയപ്പെട്ട മലയാളിയെയും ഭാര്യയെയും ഇയാള്‍ അന്തമായി വിശ്വസിച്ചു. പത്തനംതിട്ട സ്വദേശിക്കും ഭാര്യയ്ക്കും താമസിക്കാന്‍ സ്വന്തം പേരില്‍ ചെക്കുകള്‍ ഒപ്പിട്ട് ഫ്ളാറ്റെടുത്ത് കൊടുത്തതോടെയാണ് വീണ്ടും ചതിയില്‍ അകപ്പെട്ടത്.
3200 ദിര്‍ഹം വീതമുള്ള 12 ചെക്കുകളായിരുന്നു മാവേലിക്കര സ്വദേശി ഒപ്പിട്ട് നല്‍കിയത്. എന്നാല്‍ അവസാന മാസങ്ങളിലെ നാല് ചെക്കുകള്‍ ബാങ്കില്‍ നിന്ന് മടങ്ങിയതോടെ ചതിക്കപ്പെട്ടെന്ന് ഇദ്ദേഹത്തിന് മനസിലായി. പക്ഷേ, ഫ്ളാറ്റ് ഉപേക്ഷിച്ച് പോയത് കൊണ്ട് പത്തനംതിട്ട സ്വദേശിയെയും ഭാര്യയെയും ഒട്ടേറെ സ്ഥലങ്ങളില്‍ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ചെക്ക് മടങ്ങിയതോട് കൂടി കെട്ടിട ഉടമകള്‍ ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. ഒടുവില്‍ യാത്രാവിലക്കുമായി. വിസ കാലാവധി തീര്‍ന്നതിന് പിന്നാലെ നിയമപരമായി ജോലി ചെയ്യാനുള്ള അവസരവും ഇല്ലാതായി. ഇതോടെ കഴിഞ്ഞ ഡിസംബര്‍ മുതല്‍ പൂര്‍ണമായും തൊഴില്‍ ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു.
Content Highlights: An Alappuzha Mavelikkara native is reportedly struggling in Sharjah after becoming trapped in a situation involving a friend