ദുരിതാശ്വാസ സാമഗ്രികളുമായി യുഎഇയുടെ നാല് വാഹനങ്ങള്‍ ഗാസയിലെത്തി; ഇതുവരെ എത്തിയത് 416 ടണ്‍ അവശ്യവസ്തുക്കൾ

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം

ഗാസയിലെ ദുരന്തബാധിതര്‍ക്ക് സഹായവുമായി യുഎഇയുടെ നാല് വാഹനങ്ങള്‍ ഗാസയിലെത്തി. 'ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3' പദ്ധതിയുടെ ഭാഗമായി യുഎഇ ഹ്യൂമനിറ്റേറിയന്‍ എയ്ഡാണ് ഗാസയിലേക്ക് സഹായങ്ങൾ അയച്ചത്. ഇതുവരെ 47 ട്രക്കുകളിലായി 416 ടണ്‍ ഭക്ഷ്യവസ്തുക്കള്‍, ഭക്ഷ്യകിറ്റുകള്‍, താല്‍ക്കാലിക താമസസൗകര്യത്തിനുള്ള സാമഗ്രികള്‍ എന്നിവയാണ് യുഎഇ ഗാസയിലേക്ക് എത്തിച്ചത്. പലസ്തീന്‍ ജനതയുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അവരുടെ ദുരിതം ലഘൂകരിക്കുന്നതിനുമാണ് ഈ സഹായം.

സഹായസാമഗ്രികള്‍ ഈജിപ്തിലെ അല്‍ അറിഷിലുള്ള യുഎഇ ഹ്യൂമനിറ്റേറിയന്‍ എയ്ഡ് ലോജിസ്റ്റിക്സ് സെന്ററില്‍ നിന്നാണ് തയ്യാറാക്കി അയച്ചത്. അവിടെ പ്രവര്‍ത്തിക്കുന്ന ഏകോപിത സംവിധാനത്തിലൂടെ സഹായവസ്തുക്കള്‍ അതിവേഗം ശേഖരിക്കുകയും തരംതിരിക്കുകയും ഗാസയിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതിലൂടെ ഗാസയിലെ വര്‍ധിച്ചുവരുന്ന മാനുഷിക ആവശ്യങ്ങള്‍ സമയബന്ധിതമായി നിറവേറ്റുക എന്നതാണ് ലക്ഷ്യമിടുന്നത്.

ഓപ്പറേഷന്‍ 'ഷിവല്‍റസ് നൈറ്റ് 3' ന്റെ ഭാഗമായി യുഎഇ, ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും തുടര്‍ച്ചയായി എത്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധിയിലായ ജനങ്ങളെ പിന്തുണയ്ക്കുകയും മാനുഷിക ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യുന്നതിലുള്ള യുഎഇയുടെ ദീര്‍ഘകാല പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സഹായമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Content Highlight: Four UAE humanitarian aid vehicles carrying 416 tonnes of relief supplies have entered Gaza to support civilians affected by the ongoing humanitarian crisis

To advertise here,contact us