ലൈവില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍; വിവാദ മലയാളി വ്‌ളോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ പിടിയില്‍

സമൂഹമാധ്യമമായ കിക്കിലാണ് അബ്ദുല്‍ ഹക്കീമിന്റെ ലഹരി ഉപയോഗിക്കുന്ന വീഡിയോ പുറത്ത് വന്നത്

ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിവാദ മലയാളി വ്‌ളോഗര്‍ യുഎഇയില്‍ പിടിയില്‍. 'എന്റെ കാസറ്റ്' എന്ന അക്കൗണ്ടില്‍ സോഷ്യല്‍ മീഡിയയില്‍ വ്‌ളോഗ് ചെയ്യുന്ന അബ്ദുല്‍ ഹക്കീമിനെയാണ് ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തത്. അബദ്ധവശാല്‍ ലൈവ് സ്ട്രീമിങ്ങിനിടെ അബ്ദുല്‍ ഹക്കീം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരികയായിരുന്നു.

ഇയാള്‍ക്കെതിരെ കേരളത്തിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമൂഹമാധ്യമമായ കിക്കിലാണ് അബ്ദുല്‍ ഹക്കീമിന്റെ ലഹരി ഉപയോഗിക്കുന്ന വീഡിയോ പുറത്ത് വന്നത്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് യുഎഇയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഹക്കീമിനെ ഷാര്‍ജ പൊലീസ് പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയുമായി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചെന്ന കേസ് ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. ഇതില്‍ കസ്റ്റഡിയിലെടുക്കവേ പൊലീസ് ജീപ്പ് ആക്രമിച്ചതിനും ഹക്കീമിനെതിരെ കേസെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ലൈംഗിക ചുവയുള്ള ക്യാപ്ഷനിട്ട് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയും ഹക്കീമിനെതിരെ പരാതി നൽകിയിരുന്നു.

നിരവധി വിവാദ വീഡിയോകളിലൂടെയാണ് ഹക്കീമിന്റെ 'എന്റെ കാസറ്റ്' എന്ന സോഷ്യല്‍ മീഡിയ പേജ് വൈറലായത്. സിനിമാ താരങ്ങളെയടക്കം ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ആരോപണവും ഹക്കീമിനെതിരെ നിലനില്‍ക്കുന്നുണ്ട്.

Content Highlights: Malayali vlogger Abdul Hakeem, who runs the social media account 'Ente Cassette', has been arrested at UAE

To advertise here,contact us