'ഇന്ത്യയുടെ പുരോ​ഗതിക്കായി ഇനിയും വിജയങ്ങൾ ഉണ്ടാകട്ടെ'; മോദിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

യുഎഇ പ്രസിഡന്റിന്റെ ആശംസകൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രം​ഗത്തെത്തി

തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇന്ത്യയുടെ തുടർന്നുള്ള പുരോ​ഗതിക്കായി കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെയെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ യുഎഇ പ്രസിഡന്റ് പ്രതികരിച്ചു.

"ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച, തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയ നരേന്ദ്ര മോദിക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇന്ത്യയുടെ തുടർന്നുള്ള പുരോഗതിക്കായി താങ്കൾക്ക് കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഒപ്പം ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും നന്മയ്ക്കായി നമ്മുടെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം ഇനിയും കൂടുതൽ ശക്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു," ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കുറിച്ചു.

യുഎഇ പ്രസിഡന്റിന്റെ ആശംസകൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രം​ഗത്തെത്തി. "എന്റെ സഹോദരാ, താങ്കളുടെ ഹൃദ്യമായ ആശംസകൾക്ക് നന്ദി. താങ്കളുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നു. നമ്മളുടെ സൗഹൃദത്തെ ഞാൻ ഏറെ വിലമതിക്കുന്നു, ഒപ്പം ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര നന്മയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," മോദി മറുപടി നൽകി.

2026 ജൂൺ ഒമ്പതിനാണ് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ ഏറ്റവും കൂടുതൽ കാലമെന്ന ചരിത്രനേട്ടം നരേന്ദ്ര മോദി സ്വന്തമാക്കിയത്. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് മോദി തിരുത്തിയെഴുതിയത്. 1952 മെയ് 13 മുതൽ 1964 മെയ് 27 വരെയായിരുന്നു നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചത്. അതായത് 4,398 ദിവസങ്ങൾ. യഥാർത്ഥത്തിൽ 1947 മുതൽ നെഹ്റു ഇന്ത്യയുടെ പ്രധാമന്ത്രിയായിരുന്നു. എങ്കിലും ആദ്യം തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയത് 1952ലായിരുന്നു.

2014 മെയ് 26 മുതൽ നരേന്ദ്ര മോദിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. ജൂൺ ഒമ്പതിന് മോദി ഈ സ്ഥാനത്ത് 4,399 ദിവസങ്ങൾ പൂർത്തിയാക്കി. ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദി തുടർച്ചയായി 12 വർഷവും പിന്നിട്ടുകഴിഞ്ഞു.

Content Highlights: UAE President Sheikh Mohamed bin Zayed Al Nahyan congratulates Indian PM Narendra Modi on his election victory, wishing India continued progress and stronger bilateral ties.

To advertise here,contact us