യുഎഇ കടുത്ത വേനൽച്ചൂടിലേക്ക് നീങ്ങുന്നു. നാളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഗണ്യമായി വർദ്ധിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അൽ ഐനിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യത. ഇവിടെ 45 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കാം.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം നാളെ യുഎഇയിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും കിഴക്കൻ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയോടെയും അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കും. ഇത് ചിലയിടങ്ങളിൽ കടുത്ത മൂടൽമഞ്ഞിനും കാഴ്ച്ചപരിധി കുറയുന്നതിനും കാരണമായേക്കാം. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റടിക്കാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ ഇത് 35 കിലോമീറ്റർ വരെ വേഗത പ്രാപിച്ചേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ നാളത്തെ താപനില പരിശോധിച്ചാൽ അൽ ഐനിൽ 45 ഡിഗ്രി സെൽഷ്യസും തലസ്ഥാനമായ അബുദാബിയിൽ 42 ഡിഗ്രിയും രേഖപ്പെടുത്തും. റാസൽഖൈമയിൽ 41 ഡിഗ്രിയും, ദുബായിൽ 40 ഡിഗ്രിയും, ഫുജൈറയിൽ 39 ഡിഗ്രി സെൽഷ്യസുമായിരിക്കും താപനില. ജൂൺ 7 മുതൽ ജൂൺ 19 വരെയുള്ള 13 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന 'പ്ലയാഡിസ്' നക്ഷത്ര ഉദയത്തോടെ യുഎഇയിൽ വരും ദിവസങ്ങളിൽ ചൂട് ഇനിയും കടുക്കുമെന്നാണ് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ വിലയിരുത്തൽ.
Content Highlights: The UAE is expected to experience a significant rise in temperatures, with authorities warning that mercury levels could reach up to 45°C in some areas. Residents have been urged to stay hydrated, avoid prolonged exposure to the sun, and follow safety guidelines to cope with the extreme heat.