ആകാശപ്രേമികൾക്ക് ദൃശ്യ വിരുന്നൊരുക്കിക്കൊണ്ട് മേയ് 31-ന് ഈ വർഷത്തെ ഏറ്റവും അപൂർവമായ ചാന്ദ്ര പ്രതിഭാസങ്ങളിലൊന്നായ 'ബ്ലൂ മൂൺ' ദൃശ്യമാകും. യുഎഇ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ അപൂർവ പ്രതിഭാസം ദർശിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രലോകവും ആകാശനിരീക്ഷകരും.
മേയ് 30 ശനിയാഴ്ച രാത്രി മുതൽ തന്നെ ചന്ദ്രൻ പൂർണ്ണരൂപത്തിൽ ദൃശ്യമായിത്തുടങ്ങും. മേയ് 31 ഞായറാഴ്ച പുലർച്ചെ 3:45-ഓടെ ചന്ദ്രൻ അതിന്റെ പരമാവധി വെളിച്ചെത്തിൽ എത്തിച്ചേരുമെന്നും ജ്യോതിശാസ്ത്രജ്ഞർ വ്യക്തമാക്കി. ഒരു കലണ്ടർ മാസത്തിൽ തന്നെ രണ്ട് പൗർണ്ണമി (വെളുത്ത വാവ്) വരികയും അതിലെ രണ്ടാമത്തെ പൂർണ്ണചന്ദ്രനെ 'ബ്ലൂ മൂൺ' എന്ന് വിളിക്കുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസം.
അമേരിക്കൻ വെബ്സൈറ്റായ 'സ്പേസ് ഡോട്ട് കോം' പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, അതത് പ്രദേശങ്ങളിലെ പ്രാദേശിക സമയം പുലർച്ചെ സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള സമയമായിരിക്കും ഈ ചാന്ദ്രവിസ്മയം കാണാൻ ഏറ്റവും അനുയോജ്യമായുള്ളത്. മേയ് 31 പുലർച്ചെയാണ് ചന്ദ്രൻ അതിന്റെ പൂർണ്ണ വെളിച്ചത്തിൽ എത്തുന്നതെങ്കിലും ഇതിന് തൊട്ടുമുമ്പുള്ള രാത്രിയിൽ (മേയ് 30) തന്നെ ചന്ദ്രൻ പരമാവധി പ്രകാശത്തിലേക്ക് അടുക്കുന്നതിനാൽ ആകാശനിരീക്ഷകർക്ക് ഏറ്റവും വ്യക്തമായ ദൃശ്യങ്ങൾ ഈ രാത്രിയിൽ ആസ്വദിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
'ബ്ലൂ മൂൺ' എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും ചന്ദ്രൻ യഥാർത്ഥത്തിൽ നീലനിറത്തിൽ ദൃശ്യമാകില്ല. ഈ പ്രതിഭാസത്തിന്റെ അപൂർവതയെ സൂചിപ്പിക്കാനാണ് 'ബ്ലൂ മൂൺ' എന്ന പേര് ഉപയോഗിക്കുന്നത്. സാധാരണയായി ഒരു സീസണിൽ മൂന്ന് പൂർണ്ണചന്ദ്രന്മാരാണ് ഉണ്ടാകാറുള്ളത്. എന്നാൽ അപൂർവമായി ഒരു സീസണിൽ നാല് പൂർണ്ണചന്ദ്രന്മാർ ഉണ്ടായാൽ, അതിലെ മൂന്നാമത്തെ പൂർണ്ണചന്ദ്രനെയാണ് 'സീസണൽ ബ്ലൂ മൂൺ' എന്ന് വിശേഷിപ്പിക്കുന്നത്.
Content Highlights: A rare Blue Moon will be visible on Sunday in the UAE and several other countries, offering a stunning celestial spectacle for astronomy enthusiasts and skywatchers worldwide.