ഹോർമൂസ് കടലിടുക്കിലെ തടസ്സങ്ങൾ; ഗൾഫിലേക്കുള്ള ഇന്ത്യൻ ബസുമതി അരിയുടെ കയറ്റുമതിയെ ബാധിക്കുന്നു

യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് ഗൾഫ് വിപണികളിലെ പ്രിയങ്കരമായ ഇന്ത്യൻ ബസുമതി അരിയുടെ വരവ് കുറയാൻ കാരണമായത്

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങൾ ഗൾഫിലേക്കുള്ള ഇന്ത്യൻ ബസുമതി അരിയുടെ കയറ്റുമതിയെ ബാധിക്കുന്നു. സുരക്ഷാ പ്രതിസന്ധി മൂലം സൗദി, യുഎഇ അടക്കമുള്ള വിപണികളിലേക്ക് അരിയെത്തുന്നത് കുറഞ്ഞു. 2026-ലെ ആദ്യ നാല് മാസങ്ങളിൽ ഇന്ത്യയുടെ മൊത്തം അരി കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തിയത്.

യുഎസ് - ഇസ്രയേൽ - ഇറാൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലെ ഭക്ഷ്യ ഇറക്കുമതി മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് ഗൾഫ് വിപണികളിലെ പ്രിയങ്കരമായ ഇന്ത്യൻ ബസുമതി അരിയുടെ വരവ് കുറയാൻ കാരണമായത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള ആദ്യ നാല് മാസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി കയറ്റുമതിയിൽ ഏഴ് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബസുമതി കയറ്റുമതി 2.3 ദശലക്ഷം ടണ്ണായി ചുരുങ്ങി.

സംഘർഷ സാഹചര്യം കാരണം സൗദി അറേബ്യ, യുഎഇ, ഇറാഖ്, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചരക്കുകപ്പലുകൾ വൈകുന്നതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ ഭീഷണിയും ചരക്കുകൂലി വർദ്ധനവും കാരണം ഗൾഫിലെ പ്രമുഖ വ്യാപാരികളും വാങ്ങലുകാരും പുതിയ വ്യാപാര കരാറുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ത്യൻ ബസുമതി അരിയുടെ ഏറ്റവും വലിയ വിപണിയായ സൗദി അറേബ്യയെയും യുഎഇയെയുമാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്. ഒരുകാലത്ത് ഏറ്റവും കൂടുതൽ ബസുമതി വാങ്ങിയിരുന്ന ഇറാനെ മറികടന്ന് കഴിഞ്ഞ വർഷം സൗദി അറേബ്യ ഇന്ത്യൻ അരിയുടെ ഒന്നാമത്തെ വിപണിയായി മാറിയിരുന്നു.

അതേസമയം ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന പ്രീമിയം ബസുമതിക്ക് തിരിച്ചടി നേരിട്ടെങ്കിലും ബംഗ്ലാദേശ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവടങ്ങളിലേക്ക് പോകുന്ന ബസുമതി ഇതര അരിയുടെ കയറ്റുമതിയിൽ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ ഇന്ധനച്ചെലവ് വർദ്ധിച്ചതിന് പുറമെ, ഏറ്റവും വലിയ പ്രവാസി വിപണിയായ ഗൾഫിലേക്കുള്ള കയറ്റുമതി മന്ദഗതിയിലായത് ഇന്ത്യൻ വ്യാപാരികൾക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Content Highlights: Disruptions in the Hormuz Strait are affecting the export of Indian basmati rice to Gulf countries. Exporters fear delays and increased transportation challenges could impact trade and supply chains.

To advertise here,contact us