യുഎഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ പഠനം മെയ് ഒന്ന് വരെ നീട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. നിലവില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഈ മാസം 17 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങള്‍ അവഗണിക്കണമെന്നും ആധികാരിക വിവരങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിച്ച ഓണ്‍ലൈന്‍ പഠനം മെയ് ഒന്ന് വരെ നീട്ടിയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം ശക്തമായ സാഹചര്യത്തിലാണ് വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത് എത്തിയത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം.
ഓണ്‍ലൈന്‍ പഠനം നീട്ടുന്നത് സംബന്ധിച്ച് ഇതുവെര യാതൊരു തീരുമാനവും കൈക്കോണ്ടിട്ടില്ല. നിലവില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഏപ്രില്‍ 17 വരെയാണ് പഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ സ്കൂളുകള്‍ക്കും നേഴ്സറികള്‍ക്കും ഇത് ബാധകമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരും ഈ കാലയളവില്‍ സ്കൂളുകളില്‍ നേരിട്ട് എത്തേണ്ടതില്ല. നിലവിലെ സ്ഥിതിഗതികള്‍ വിദ്യാഭ്യാസ മന്ത്രാലയം ആഴ്ചതോറും വിലയിരുത്തുന്നുണ്ട്. ഏപ്രില്‍ 17-ന് ശേഷമുള്ള കാര്യങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അത് ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സ്പ്രിഗ് വെക്കേഷന് ശേഷം കഴിഞ്ഞ മാസമാണ് യുഎഇയിലെ വിദ്യാഭ്യാസം സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പഠനം നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. കുട്ടികള്‍ക്ക് തടസ്സമില്ലാതെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ നിലവിലെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കഴിയുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതിനിടെ ദുബായ് ഒഴികെ മറ്റ് എമിറേറ്റിലെ സര്വ്വകാലാശാലകളില് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഷാര്‍ജയിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റികളിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരുകയാണ്.
Content Highlights: Authorities in United Arab Emirates have denied rumours about extending online classes, calling the claims false and urging public caution.