ഷാര്‍ജയില്‍ പ്രഖ്യാപിച്ച സൗജന്യ പാർക്കിങ് നാളെ അവസാനിക്കും

മാര്‍ച്ച് 23-ന് ആരംഭിച്ച ശക്തമായ മഴയെയും മോശം കാലാവസ്ഥയെയും തുടര്‍ന്നാണ് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചത്

കനത്ത മഴയെത്തുടര്‍ന്ന് ഷാര്‍ജയില്‍ പ്രഖ്യാപിച്ച സൗജന്യ പൊതു പാര്‍ക്കിംഗ് ആനുകൂല്യം നാളെ അവസാനിക്കും. നാളെ മുതല്‍ ഷാര്‍ജയിലെ എല്ലാ പൊതു പാര്‍ക്കിംഗ് മേഖലകളിലും പണമടച്ചുള്ള സംവിധാനം പുനരാരംഭിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. മാര്‍ച്ച് 23-ന് ആരംഭിച്ച ശക്തമായ മഴയെയും മോശം കാലാവസ്ഥയെയും തുടര്‍ന്നാണ് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചത്. മോശം കാലാവസ്ഥയില്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആശ്വാസം നല്‍കുന്നതിനായി ആദ്യം പ്രഖ്യാപിച്ച ഇളവ് പിന്നീട് നീട്ടിനല്‍കിയിരുന്നു.

ഷാര്‍ജയിലെ എല്ലാ സോണുകളിലും ഔദ്യോഗിക അവധി ദിവസങ്ങളില്‍ പോലും ഫീസ് ഈടാക്കുന്ന 'നീല ബോര്‍ഡുകള്‍' ഉള്ള മേഖലകളിലും ഈ ഇളവ് ബാധകമായിരുന്നു.കഴിഞ്ഞ വാരം ഞായറാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നീണ്ടുനിന്ന കനത്ത മഴയില്‍ ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാനുഷിക പരിഗണന കണക്കിലെടുത്ത് അധികൃതര്‍ ഇളവുകള്‍ നല്‍കിയത്. ചെറിയ പെരുന്നാള്‍ അവധിക്കാലത്തെ മൂന്ന് ദിവസത്തെ സൗജന്യ പാര്‍ക്കിംഗിന് പിന്നാലെയാണ് മഴക്കെടുതിയെത്തുടര്‍ന്നുള്ള ഈ ദീര്‍ഘിപ്പിച്ച ഇളവും പ്രവാസികള്‍ക്ക് ലഭിച്ചത്.

Content Highlights: Free parking in Sharjah will end tomorrow. Authorities confirm that regular paid parking timings will resume across the emirate.

To advertise here,contact us