യുദ്ധ സാഹചര്യങ്ങളിൽ സമാധാന സന്ദേശം; മൈക്കിള്‍ ജാക്‌സന്റെ ഗാനം അവതരിപ്പിച്ച് യുഎഇയിലെ ഗായകർ

ചുരുങ്ങിയ സമയത്തിനുള്ളില്‍ സമൂഹമാധ്യമങ്ങളിലും തരംഗമായിക്കഴിഞ്ഞു ഈ സംഗീത വിരുന്ന്.

മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ സ്നേഹത്തിന്റെയും സമാധാനത്തിന്റെ സന്ദേശവുമായി യുഎഇയിലെ ഒരു കൂട്ടം ഗായകര്‍. ലോക പ്രശസ്ത പോപ്പ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ നമ്മളാണ് ലോകം എന്ന പ്രശസ്തമായ ഗാനം അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗായക സംഘം. ചുരുങ്ങിയ സമയത്തിനുള്ളില്‍ സമൂഹമാധ്യമങ്ങളിലും തരംഗമായിക്കഴിഞ്ഞു ഈ സംഗീത വിരുന്ന്.

യുഎഇയിലെ ഹാബിയിസ്റ്റ് ഗായകരുടെ കൂട്ടായ്മയായ ജോയ്ഫുള്‍ സിംഗേഴ്സ് ആണ് ഗാനാവിഷ്‌ക്കാരത്തിന് ചുക്കാന്‍ പിടിച്ചത്. പ്രശസ്ത എമിറാത്തി പോപ്പ്-ക്ലാസിക്കല്‍ ഗായകന്‍ അഹമ്മദ് അല്‍ഹൊസാനിയോടൊപ്പം യുഎഇയിലെ താമസക്കാരായ ഒരുകൂട്ടം ഗായകര്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കുന്നു. യുദ്ധഭീഷണിയെ ഒരുമയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നേരിടാനും സമാധാനത്തിന്റെ സന്ദേശം പടര്‍ത്താനും നമ്മളാണു ലോകം എന്ന ഗാനത്തിലൂടെ ഇവര്‍ ആഹ്വാനം ചെയ്യുന്നു.

ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ വിവിധ പ്രായത്തിലുള്ള 105 പേരുടെ ശബ്ദങ്ങള്‍ സംയോജിപ്പിച്ചാണ് മൈക്കില്‍ ജാക്‌സന്റെ പ്രശസ്തമായ ഗാനം പുനരാവിഷ്കരിച്ചിരിക്കുന്നത്. ഒരാഴ്ചകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. സമൂഹമാധ്യമങ്ങളില്‍ തരംഗമായ ഗാനം ഇതിനകം നിരവധി പേരുടെ പ്രശംസയ്ക്കും കാരണമായിട്ടുണ്ട്.

Content Highlights: UAE singers peace message, Michael Jackson song tribute, music for peace UAE, Gulf artists performance, Middle East tensions music, Michael Jackson tribute UAE, peace song performance, UAE cultural news, war and music message, international music news

To advertise here,contact us