പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം; യുഎഇ അതിവേ​ഗം തിരിച്ചുവരുമെന്ന് ശതകോടീശ്വരന്മാരും വ്യവസായികളും

യുഎഇ വസ്തുനിഷ്ഠമായി യൂറോപ്പിലെ പലരാജ്യങ്ങളേക്കാളും സുരക്ഷിതമാണെന്ന് ഇലോൺ മസ്ക് അഭിപ്രായപ്പെട്ടു.

പശ്ചിമേഷ്യയിൽ ഉണ്ടായ പ്രത്യേക സാഹചര്യവും തുടർന്ന് രൂപപ്പെട്ട പ്രതിസന്ധികളെ അതിജീവിക്കാനും കൂടുതൽ കരുത്തോടെ തിരിച്ചുവരാനും യുഎഇയ്ക്ക് കഴിയുമെന്ന് വിശ്വാസം പ്രകടിപ്പിച്ച് ശതകോടീശ്വരന്മാരും പ്രമുഖ വ്യവസായികളും. യുഎസും ഇസ്രായേലും ഇറാനും തമ്മിൽ നിലവിൽ നടക്കുന്ന പ്രാദേശിക സൈനിക സംഘർഷങ്ങൾക്കിടയിലും ദുബായിലും യുഎഇയിലുമുള്ള തങ്ങളുടെ വിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ചുകൊണ്ട് യുഎസ് ശതകോടീശ്വരൻ ഇലോൺ മസ്‌ക്, ടെലിഗ്രാം ഉടമ പവൽ ദുറോവ്, അൽ ഹബ്ടൂർ ഗ്രൂപ്പ് ചെയർമാൻ ഖലഫ് അൽ ഹബ്ടൂർ തുടങ്ങി ലോകമെമ്പാടുമുള്ള നിരവധി പ്രമുഖർ രംഗത്തെത്തി.

യുഎഇ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിൽ ഒന്നായി തുടരുകയാണെന്ന് എമിറാത്തി ശതകോടീശ്വരനും വ്യവസായിയുമായ ഖലഫ് അൽ ഹബ്ടൂർ എക്സിൽ കുറിച്ചു. യുഎഇ വസ്തുനിഷ്ഠമായി യൂറോപ്പിലെ പലരാജ്യങ്ങളേക്കാളും സുരക്ഷിതമാണെന്ന് ഇലോൺ മസ്ക് അഭിപ്രായപ്പെട്ടു.

അതിനിടെ പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടതും നിലവിലുള്ള നിയന്ത്രണങ്ങളും കാരണം യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി. ഇത്തരത്തിൽ അധികമായി വരുന്ന ദിവസങ്ങളിലെ താമസച്ചെലവ് വകുപ്പ് തന്നെ വഹിക്കുമെന്നും അധികൃതർ ഉറപ്പുനൽകി.

കണക്കുകൾ പ്രകാരം, ഏകദേശം 20,200 യാത്രക്കാർക്ക് താൽക്കാലിക താമസസൗകര്യവും വിമാന ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള പിന്തുണയും ലഭിച്ചിട്ടുണ്ട്. ദുരിതത്തിലായ സന്ദർശകരെ സഹായിക്കാൻ അധികൃതർ മുന്നോട്ടുവന്നതിനെ നിരവധി താമസക്കാരും യാത്രക്കാരും പ്രവാസികളും അഭിനന്ദിച്ചു.

Content Highlights: Billionaires and leading business figures express confidence that the UAE will swiftly recover from the current West Asia situation, highlighting the country’s economic resilience and investor stability.

To advertise here,contact us