യുഎഇയില്‍ അടുത്ത ആഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും മൂടല്‍ മഞ്ഞ് തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അടുത്ത മാസം 5, 6 തീയതികൡലാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വടക്ക് കിഴക്കന്‍ മേഖലകളിലായിരിക്കും മഴ കൂടുതല്‍ ശക്തമാവുക. ഉപരിതലത്തിലെ കുറഞ്ഞ മര്‍ദ്ദവും അന്തരീക്ഷത്തിലെ തണുത്ത വായു പ്രവാഹവുമാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം. മഴക്കൊപ്പം വിവിധ മേഖലകളില്‍ കാറ്റും ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
തെക്ക്-കിഴക്കന്‍ ദിശയില്‍ നിന്ന് വീശുന്ന കാറ്റ് പിന്നീട് വടക്ക്-പടിഞ്ഞാറന്‍ ദിശയിലേക്ക് മാറും. ചില സമയങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. മഴക്കൊപ്പം രാജ്യത്തെ താപനില കുറയാന്‍ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അറേബ്യന്‍ ഗള്‍ഫില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ വ്യാഴാഴ്ച വരെ കടല്‍ ക്ഷോഭം ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ഒമാന്‍ കടലില്‍ തിരമാലകള്‍ ശക്തമാകുമെന്നും അറിയിപ്പില്‍ പറയുന്നു.
വരും ദിവസങ്ങളിലും മൂടല്‍ മഞ്ഞ് തുടരാനാണ് സാധ്യത. മാര്‍ച്ചിന്റെ തുടക്കത്തില്‍ താപനില ഉയരുന്നതിന് മുമ്പ് കുറച്ച് ദിവസങ്ങള്‍ കൂടി പുലര്‍ച്ചെ മൂടല്‍ മഞ്ഞ് അനുഭവപ്പെടും. കനത്ത മൂടല്‍ മഞ്ഞ് മൂലം ദൃശ്യപരത കുറയാന്‍ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 18,19 തീയതികളിലായിരുന്നു യുഎഇയില്‍ ഇതിന് മുമ്പ് ശക്തമായ മഴ പെയ്തത്. രണ്ട് ദിവസത്തെ ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു.
Content Highlights: The UAE weather centre has warned of heavy rainfall next week across several regions. Authorities advise residents to stay updated with official forecasts and safety guidelines.