കൂടുതൽ വിദേശികൾക്ക് വാതിലുകൾ തുറന്ന് സൗദി അറേബ്യ; പുതിയതായി രണ്ട് രാജ്യങ്ങൾക്ക് കൂടി ടൂറിസ്റ്റ് വിസ

സൗദി അറേബ്യയിലെ വളർന്നുവരുന്ന ടൂറിസം മേഖല, കൾച്ചറൽ കേന്ദ്രങ്ങൾ, ആഗോളതലത്തിലുള്ള വിവിധ പരിപാടികൾ എന്നിവ അനുഭവറിയാൻ കൂടുതൽ വിദേശികൾക്ക് അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുതിയതായി രണ്ട് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി കൂടി ടൂറിസ്റ്റ് വിസ നൽകാനുള്ള തീരുമാനവുമായി സൗദി അറേബ്യ വിദേശകാര്യ മന്ത്രാലയം. കൊസോവോ (Kosovo), ഗയാന (Guyana) എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് ടൂറിസ്റ്റ് വിസ നൽകാൻ തീരുമാനമായത്. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് സൗദിയിലെത്തുന്ന സമയത്തോ ഇലക്ട്രോണിക് സംവിധാനം വഴിയോ (E-Visa) സൗദിയുടെ ടൂറിസ്റ്റ് വിസ സ്വന്തമാക്കാം.

വിനോദസഞ്ചാരം, രാജ്യത്ത് നടക്കുന്ന വിവിധ പരിപാടികൾ, എക്സിബിഷനുകൾ, കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ വിസ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഉംറ നിർവ്വഹിക്കുന്നതിനും സൗദിയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നതിനും ടൂറിസ്റ്റ് വിസ ഉപയോഗപ്പെടുത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ അന്താരാഷ്ട്ര സന്ദർശകർക്കായി വാതിലുകൾ തുറക്കുന്നതിന്റെയും രാജ്യത്തേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെയും ഭാഗമായാണ് നിർണായകമായ ഈ വിസ വിപുലീകരണം. സൗദി അറേബ്യയിലെ വളർന്നുവരുന്ന ടൂറിസം മേഖല, കൾച്ചറൽ കേന്ദ്രങ്ങൾ, ആഗോളതലത്തിലുള്ള വിവിധ പരിപാടികൾ എന്നിവ അനുഭവറിയാൻ കൂടുതൽ വിദേശികൾക്ക് അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സൗദി വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനുമായി സമീപകാലത്തായി വൻതോതിലുള്ള വികസന പ്രവർത്തനങ്ങളാണ് സൗദി ടൂറിസം മേഖലയിൽ നടപ്പിലാക്കി വരുന്നത്.

Content Highlights: Saudi Arabia has added Kosovo and Guyana to its streamlined tourist visa scheme. Eligible citizens of both countries can obtain tourist visas online or on arrival, further expanding access to the Kingdom.

To advertise here,contact us