സൗദി അറേബ്യയുടെ 96-മത്തെ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സെപ്റ്റംബർ 23 ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ( MHRSD). മന്ത്രാലയത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടായ എക്സിലൂടെയാണ് ഇത് അറിയിച്ചത്.
ഹിജ്റ കലണ്ടർ പ്രകാരം റാബീ അൽ താനി 12, 1448 നാണ് അവധി ലഭിക്കുന്നത്. ഇത് പ്രകാരം സെപ്റ്റംബർ 23 നാണ് അവധി വരുന്നത്. തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷൻസിലെ ആർട്ടിക്കിൾ 24 പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. നിയമത്തിലെ വ്യവസ്ഥകൾ എല്ലാ തൊഴിലുടമകളും പാലിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
1932 സെപ്റ്റംബർ 23 നാണ് സൗദി രാജാവായ കിംഗ് അബ്ദുൾ അസീസ് അൽ സൗദ് സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളെ ഏകീകരിച്ച് ആധുനിക സൗദി അറേബ്യ രൂപികരിച്ചത്. ഇതിന്റെ സ്മരണാർത്ഥം രാജ്യത്ത് എല്ലാ വർഷവും സെപ്റ്റംബർ 23 ന് ദേശീയ ദിനമായി ആഘോഷിക്കുന്നു. അന്നേ ദിവസം രാജ്യത്തുടനീളം വിവിധ ആഘോഷ പരിപാടികൾ, സാംസ്കാരിക അവതരണങ്ങൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
Content Highlight: Saudi Arabia has announced September 23, 2026, as a National Day holiday for employees in the private and non-profit sectors.