സൗദി വിഷൻ 2030; 'ന്യൂ മുറബ്ബ'യിൽ ലോകോത്തര സംവിധാനങ്ങളോടെ അത്യാധുനിക ജനറൽ ആശുപത്രി വരുന്നു

പ്രദേശത്തെ താമസക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ഏറ്റവും വേഗത്തിൽ ലഭ്യമാക്കാൻ ഈ പദ്ധതി വഴി സാധിക്കും.

സൗദി അറേബ്യയുടെ ഭാവി നഗര പദ്ധതിയായ 'ന്യൂ മുറബ്ബ'യിൽ ലോകോത്തര സൗകര്യങ്ങളോടെയുള്ള പുതിയ ജനറൽ ആശുപത്രി നിർമ്മിക്കുന്നു. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് (PIF) കീഴിലുള്ള ന്യൂ മുറബ്ബ ഡെവലപ്‌മെന്റ് കമ്പനിയും പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അൽ മാന മെഡിക്കൽ ഗ്രൂപ്പും തമ്മിലാണ് ആശുപത്രി നിർമ്മാണത്തിനായുള്ള തന്ത്രപ്രധാനമായ കരാറിൽ ഒപ്പുവെച്ചത്.

ഏകദേശം 100 കോടി റിയാൽ (26.6 കോടിയിലധികം യു.എസ് ഡോളർ) മുതൽമുടക്കിലാണ് ഈ കൂറ്റൻ മെഡിക്കൽ പദ്ധതി യാഥാർത്ഥ്യമാകുന്നത്. നിർമ്മാണ ഘട്ടത്തിലേക്ക് കടന്ന ന്യൂ മുറബ്ബ നഗരത്തിൽ പ്രഖ്യാപിക്കുന്ന പ്രധാന നിക്ഷേപങ്ങളിൽ ആദ്യത്തേതാണിത്. പ്രദേശത്തെ താമസക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ഏറ്റവും വേഗത്തിൽ ലഭ്യമാക്കാൻ ഈ പദ്ധതി വഴി സാധിക്കും.

ഏറ്റവും ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിക്കുന്ന ഈ ആശുപത്രിയിൽ 200 കിടക്കകളാണുണ്ടാവുക. അടിയന്തര പ്രാധാന്യമുള്ള എമർജൻസി ആൻഡ് ട്രോമ കെയർ, ഫാമിലി മെഡിസിൻ, കുട്ടികളുടെയും നവജാതശിശുക്കളുടെയും സംരക്ഷണത്തിനായുള്ള പീഡിയാട്രിക്‌സ് ആൻഡ് നിയോനേറ്റോളജി, അസ്ഥിരോഗ വിഭാഗം (ഓർത്തോപീഡിക്സ്), ഹൃദ്രോഗ വിഭാഗം (കാർഡിയോളജി), ന്യൂറോ സയൻസ് തുടങ്ങി നിരവധി പ്രമുഖ ചികിത്സാ വിഭാഗങ്ങളും വിശേഷാൽ സേവനങ്ങളും ഇവിടെ ഒരുക്കും.

രണ്ട് ലക്ഷത്തിലധികം ആളുകൾക്ക് വസിക്കാൻ കഴിയുന്ന രീതിയിൽ സമഗ്രവും പരിസ്ഥിതി സൗഹൃദപരവുമായാണ് 'ന്യൂ മുറബ്ബ' നഗരം രൂപകൽപ്പന ചെയ്യുന്നത്. ഇവിടെ എത്തുന്ന താമസക്കാരുടെയും സന്ദർശകരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പം രാജ്യത്തിന്റെ 'വിഷൻ 2030', 'ക്വാളിറ്റി ഓഫ് ലൈഫ്' എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാനും ഈ പുതിയ ആശുപത്രി സഹായിക്കുമെന്ന് ന്യൂ മുറബ്ബ അധികൃതർ വ്യക്തമാക്കി.

Content Highlights: A state-of-the-art general hospital with world-class healthcare facilities is planned as part of Saudi Arabia's New Murabba development under Vision 2030, adding advanced medical infrastructure to the ambitious Riyadh project.

To advertise here,contact us