റിയാദ്–തിരുവനന്തപുരം നേരിട്ടുള്ള വിമാന സർവീസ് പുനഃസ്ഥാപിക്കണം; ആവശ്യവുമായി തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ്

നിലവിൽ ഇവർ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ വഴിയോ മറ്റ് വിദേശ നഗരങ്ങൾ വഴിയുള്ള കണക്ഷൻ വിമാനങ്ങളിലോ ആണ് യാത്ര ചെയ്യുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ സൗദി എയർലൈൻസിന്റെ 'പോയിന്റ് ഓഫ് കോൾ' (Point of Call) ആയി അംഗീകരിക്കണമെന്നും റിയാദ്-തിരുവനന്തപുരം നേരിട്ടുള്ള വിമാന സർവീസ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് രംഗത്ത്. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലെയും ആയിരക്കണക്കിന് സൗദി പ്രവാസികളാണ് യാത്രയ്ക്കായി തിരുവനന്തപുരം വിമാനത്താവളത്തെ പ്രധാനമായും ആശ്രയിക്കുന്നത്.

2019-ൽ റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള സൗദിയയുടെ നേരിട്ടുള്ള സർവീസുകൾ നിർത്തിയതോടെ പ്രവാസികൾ കടുത്ത യാത്രാദുരിതത്തിലാണ്. നിലവിൽ ഇവർ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ വഴിയോ മറ്റ് വിദേശ നഗരങ്ങൾ വഴിയുള്ള കണക്ഷൻ വിമാനങ്ങളിലോ ആണ് യാത്ര ചെയ്യുന്നത്.

ഈ വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം, സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA), ജനപ്രതിനിധികൾ, കേരള-തമിഴ്നാട് സർക്കാരുകൾ, റിയാദിലെ ഇന്ത്യൻ എംബസി എന്നിവർക്ക് ഫോറം നിവേദനങ്ങൾ നൽകുകയും നിരന്തരം ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ എംബസി, സൗദി ജിഎസിഎ അധികൃതരുമായി നടത്തിയ ചർച്ചകളിൽ നിന്ന് അനുകൂല നിലപാടാണ് ഉയർന്നുവന്നിട്ടുള്ളത്. ഇന്ത്യൻ സർക്കാരിൽ നിന്ന് ആവശ്യമായ ഔദ്യോഗിക അനുമതികൾ ലഭിച്ചാൽ തിരുവനന്തപുരത്തേക്ക് സർവീസ് പുനരാരംഭിക്കാൻ തയ്യാറാണെന്ന് സൗദി എയർലൈൻസ് അറിയിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കികയും ചെയ്തു.

വാർത്താസമ്മേളനത്തിൽ ഫോറം രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, ചെയർമാൻ ഡോ. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രഷറർ ബഷീർ കോട്ടയം, മീഡിയ കോ-ഓർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി, എക്സിക്യൂട്ടീവ് അംഗം ഷാജു പത്തനാപുരം എന്നിവർ പങ്കെടുത്തു.

Content Highlights: Passengers associated with the Saudi route in Thiruvananthapuram have called for the restoration of direct flights between Riyadh and Thiruvananthapuram. They say resuming the service would improve connectivity and make travel more convenient for passengers.

To advertise here,contact us