സൗദിയിൽ ബിസിനസ് മേഖലയ്ക്ക് വലിയ ആശ്വാസം; വിവിധ സ്ഥാപനങ്ങൾക്ക് ലൈസൻസ് ഫീസ് ഒഴിവാക്കി

ഫീസ് ഇളവുകൾ നൽകുന്നതിനൊപ്പം തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായി ചില പുതിയ നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.

സൗദി അറേബ്യയിൽ 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതിയുള്ള വിവിധ സ്ഥാപനങ്ങളെ പ്രത്യേക ലൈസൻസ് ഫീസ് അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കി അധികൃതർ. സൗദി നഗരസഭ-ഭവന നിർമ്മാണ മന്ത്രാലയമാണ് ബിസിനസ്സ് മേഖലയ്ക്ക് ഏറെ ആശ്വാസകരമായ ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഫീസ് ഇളവുകൾ നൽകുന്നതിനൊപ്പം തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായി ചില പുതിയ നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.

നഗരപരിധിക്ക് പുറത്തുള്ള പെട്രോൾ പമ്പുകൾ, സർവീസ് സെന്ററുകൾ, ഹോട്ടലുകൾ, ഹോസ്പിറ്റാലിറ്റി അപ്പാർട്ട്മെന്റുകൾ, റിസോർട്ടുകൾ, മറ്റ് താമസസൗകര്യങ്ങൾ ഒരുക്കുന്ന കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും ഈ ഇളവ് ലഭിക്കുക. ഇതോടൊപ്പം ഫാർമസികൾ, മറ്റ് ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കല്യാണമണ്ഡപങ്ങൾ, വിനോദ വിശ്രമകേന്ദ്രങ്ങൾ എന്നിവയെയും 24 മണിക്കൂർ പ്രവർത്തനത്തിനുള്ള ഫീസ് ഒടുക്കുന്നതിൽ നിന്നും മന്ത്രാലയം പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.

മുനിസിപ്പൽ ലൈസൻസിങ് നടപടിക്രമങ്ങളുടെ ഭാഗമായി പുതുതായി അംഗീകരിച്ച ചട്ടങ്ങൾ അനുസരിച്ച്, 24 മണിക്കൂറും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ബിസിനസ്സ് സ്ഥാപനങ്ങൾ ബന്ധപ്പെട്ട നഗരസഭയുടെയും സുരക്ഷാ വിഭാഗങ്ങളുടെയും മുൻകൂർ അനുമതി വാങ്ങിയിരിക്കണം. അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയുള്ള സമയത്ത് പ്രവർത്തിക്കുന്നതിനാണ് 24 മണിക്കൂർ പെർമിറ്റ് ബാധകമാകുന്നത്. എന്നാൽ വിശുദ്ധ റമദാൻ മാസത്തിലും പെരുന്നാൾ അവധി ദിനങ്ങളിലും ഈ സമയനിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല.

റസിഡൻഷ്യൽ ഏരിയകളിലെ ജനങ്ങളുടെ സമാധാനാന്തരീക്ഷം തകരാതിരിക്കാൻ, 24 മണിക്കൂർ പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ ഏതൊക്കെ തെരുവുകളിലും സ്ഥലങ്ങളിലും വരണമെന്ന് അതത് നഗരസഭകൾ പ്രത്യേകമായി നിശ്ചയിക്കും. അതോടൊപ്പം, രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴിൽ നിയമങ്ങളും ഡ്യൂട്ടി സമയവും മന്ത്രാലയം കൃത്യമായി നിരീക്ഷിക്കും. സൗദി തൊഴിൽ നിയമങ്ങൾക്കും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനങ്ങൾക്കും വിധേയമായി മാത്രമായിരിക്കും രാത്രി സമയങ്ങളിലെ തൊഴിൽ ക്രമീകരണങ്ങൾ അനുവദിക്കുക.

Content Highlights: Saudi authorities have announced the exemption of licence fees for several categories of business establishments. The move is expected to reduce operational costs, support entrepreneurs and businesses, and strengthen the Kingdom's business environment.

To advertise here,contact us