ആ​ഗോള സന്തോഷ സൂചികയിൽ സൗദിക്ക് മുന്നേറ്റം; 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 22-ാമത്

എറ്റവും പുതിയ ആഗോള സന്തോഷ സൂചികാ പട്ടികയിലാണ് സൗദി അറേബ്യയുടെ മികച്ച നേട്ടം വ്യക്തമാക്കുന്നത്.

ആഗോള സന്തോഷ സൂചികയില്‍ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ച് സൗദി അറേബ്യ. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന 37-ാം സ്ഥാനത്ത് നിന്ന് 22-ാം സ്ഥാനത്തേക്കാണ് രാജ്യത്തിന്റെ കുതിച്ചുചാട്ടം. മികച്ച തൊഴില്‍ അവസരങ്ങളും വിനേദ സഞ്ചാര മേഖലയുടെ വളര്‍ച്ചയും ഉള്‍പ്പെടെയുളള വിവിധ ഘടകങ്ങളാണ് ശ്രദ്ധേയമായ നേട്ടത്തിന് പിന്നില്‍. ഏറ്റവും പുതിയ ആഗോള സന്തോഷ സൂചികാ പട്ടികയിലാണ് സൗദി അറേബ്യയുടെ മികച്ച നേട്ടം വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ 15 സ്ഥാനങ്ങള്‍ ഉയര്‍ത്തിയാണ് ഇത്തവണത്തെ മുന്നേറ്റം. ആഗോള സന്തോഷ സൂചികയില്‍ 22-ാം സ്ഥാനത്താണ് ഇപ്പോള്‍ രാജ്യത്തിന്റെ സ്ഥാനം. ജനങ്ങളുടെ ജീവിത നിലവാരം, സാമ്പത്തിക പുരോഗതി, സാമൂഹിക പിന്തുണ, ആരോഗ്യ സേവനങ്ങള്‍, വ്യക്തിഗത സ്വാതന്ത്ര്യം, അഴിമതിയിലെ കുറവ്, പൊതുജന വിശ്വാസം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന സാമ്പത്തിക വൈവിധ്യവത്ക്കരണം, വിനോദ-സഞ്ചാര മേഖലകളിലെ വളര്‍ച്ച, തൊഴില്‍ അവസരങ്ങളുടെ വര്‍ധനവ് , വനിതാ ശാക്തീകരണം, ഡിജിറ്റല്‍ സേവനങ്ങളുടെ വികസനം എന്നീ ഘടകങ്ങളാണ് സൗദിയുടെ മുന്നേറ്റത്തിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ഇതിന് പുറമെ സുരക്ഷയും സ്ഥിരതയും ശക്തമായ കുടുംബബന്ധങ്ങളും സമൂഹ പിന്തുണയും സൗദി അറേബ്യയുടെ മികച്ച പ്രകടനത്തിന് കരുത്തു പകര്‍ന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇയാണ് സൗദിക്ക് തൊട്ടു മുന്നിലുള്ള രാജ്യം. ആഗോള തലത്തില്‍ 21 സ്ഥാനത്താണ് യുഎഇയുടെ സ്ഥാനം. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ 15 സ്ഥാനങ്ങള്‍ മറികടന്ന രാജ്യം എന്ന നിലയില്‍ ഏറെ തിളക്കമുള്ളതാണ് സൗദി അറേബ്യയുടെ നേട്ടം.

Content Highlights: Saudi Arabia records major progress in the global happiness index, improving by 15 positions and reflecting better quality of life and wellbeing

To advertise here,contact us