ഇറാൻ ആക്രമണങ്ങളിൽ തകർന്ന എണ്ണ വിതരണ ശൃംഖല പുനസ്ഥാപിച്ച് സൗദി; നഷ്ടങ്ങളെ അതിജീവിക്കുക ലക്ഷ്യം

ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ സൗദിയിലെ എണ്ണ വിതണ ശൃംഖലകളില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്

ഇറാന്റെ ആക്രമണങ്ങളെ തുടര്‍ന്ന് തകര്‍ന്ന എണ്ണ വിതരണ ശൃംഖല പുനസ്ഥാപിച്ച് സൗദി അറേബ്യ. ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന്‍ പൂര്‍ണശേഷി വീണ്ടെടുത്തതതായി ഊര്‍ജ മന്ത്രാലയം വ്യക്തമാക്കി. ആക്രമണങ്ങളെ തുടര്‍ന്ന് പമ്പിങ് ശേഷിയില്‍ ഏഴ് ലക്ഷം ബാരലിന്റെ കുറവുണ്ടായതിന് പിന്നാലെയാണ് പഴയ രീതിയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കുന്നത്.

ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ സൗദിയിലെ എണ്ണ വിതണ ശൃംഖലകളില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും അതിവേഗം അതിജീവിച്ച് വിതരണ ശൃംഖല പൂര്‍ണമായും പുനസ്ഥാപിച്ചിരിക്കുകയാണ് രാജ്യം. ഊര്‍ജ മന്ത്രാലയത്തിന്റെയും അരാംകോയുടെയും മികച്ച ഏകോപനത്തിലൂടെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ സാങ്കേതിക തടസങ്ങള്‍ പരുഹരിച്ച് വിതരണം സാധാരണ നിലയിലെത്തിക്കാന്‍ സാധിച്ചത്.

രാജ്യത്തെ പ്രധാന എണ്ണ വിതരണ പാതയായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനിലൂടെയുള്ള പമ്പിങ് പ്രതിദിനം 70 ലക്ഷം ബാരല്‍ എന്ന പൂര്‍ണ ശേഷിയിലേക്ക് തിരിച്ചെത്തിയതായി ഊര്‍ജ മന്ത്രാലയം വ്യക്തമാക്കി. ഇതിന് പുറമെ ഉല്‍പാദനം തടസ്സപ്പെട്ട മനീഫ എണ്ണപ്പാടത്തെ പ്രവര്‍ത്തനവും പൂര്‍ണമായും പുനരാരംഭിച്ചു. ആക്രമണങ്ങളെ തുടന്ന് ഇവിടെ നിന്ന് പ്രതിദിനം മൂന്ന് ലക്ഷം ബാരല്‍ എണ്ണയുടെ ഉത്പാദനത്തിലാണ് കുറവ് ഉണ്ടായത്.

ഖുറൈസ് എണ്ണപ്പാടത്തെ ഉല്‍പാദന ശേഷി പൂര്‍ണതോതിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഊര്‍ജ മന്ത്രാലയം വ്യക്തമാക്കി. ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിനുണ്ടായ തകരാര്‍ കാരണം രാജ്യത്തിന്റെ എണ്ണ കയറ്റുമതിയില്‍ ഏകദേശം പത്ത് ശതമാനം ഇടിവുണ്ടായതായി ഊര്‍ജ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജ്യത്തിന്റെ ആകെ കയറ്റുമതി ശേഷിയില്‍ പ്രതിദിനം എഴ് ലക്ഷം ബാരലിന്റെ കുറവും രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാനും സൗദിയുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞു.

Content Highlights:

To advertise here,contact us