ഒമാനിൽ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട നിയമങ്ങളിൽ നിർണായക ഭേദഗതികളുമായി തൊഴിൽ മന്ത്രാലയം. പുതിയ നിയമപ്രകാരം റിക്രൂട്ട്മെന്റ് ഏജൻസികൾ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം. കരാർ ഒപ്പിട്ട് 45 ദിവസത്തിനുള്ളിൽ തന്നെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം. 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പരിഷ്കാരങ്ങൾ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നതിനും മേഖലയിലെ ക്രമക്കേടുകൾ തടയുന്നതിനുമായാണ് നടപ്പിലാക്കുന്നത്. തൊഴിൽ മന്ത്രാലയ ഉപദേഷ്ടാവ് ഡോ. സൈഫ് ബിൻ മുഹമ്മദ് അൽ ബുസൈദിയാണ് പുതിയ വിവരങ്ങൾ പങ്കുവെച്ചത്.
പുതിയ വ്യവസ്ഥകൾ അനുസരിച്ച്, ഒരു തൊഴിലാളി ജോലിയിൽ പ്രവേശിച്ച് ആദ്യ 90 ദിവസത്തിനുള്ളിൽ നിർദ്ദിഷ്ട കാരണങ്ങളാൽ തൊഴിൽ അവസാനിപ്പിച്ചാൽ തൊഴിലുടമയ്ക്ക് റിക്രൂട്ട്മെന്റ് ഫീസ് പൂർണ്ണമായി തിരികെ നൽകാൻ ഏജൻസി ബാധ്യസ്ഥരാണ്. ഇതിന് പകരം മറ്റൊരു തൊഴിലാളിയെ നൽകാമെന്ന കരാറിൽ ഇരു കൂട്ടരും എത്തിയാൽ റീഫണ്ട് ഒഴിവാക്കാം. ഗാർഹിക തൊഴിലാളികളുടെ കാര്യത്തിൽ 90 ദിവസത്തിന് ശേഷവും രണ്ട് വർഷം വരെയുള്ള കാലയളവിൽ ഭാഗിക റീഫണ്ടിനും വ്യവസ്ഥയുണ്ട്. കൂടാതെ, സ്വാഭാവിക മരണം, ഭിന്നശേഷി തുടങ്ങിയ അപകടസാധ്യതകൾക്കെതിരെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും ഏജൻസികൾക്ക് ബാധ്യതയുണ്ട്.
കരാർ ഒപ്പിട്ട് കഴിഞ്ഞാൽ 45 ദിവസത്തിനകം തൊഴിലാളിയെ ഒമാനിൽ എത്തിച്ചിരിക്കണം എന്നാണ് പുതിയ നിയമത്തിലെ മറ്റൊരു പ്രധാന നിർദ്ദേശം. ഏജൻസികൾക്ക് ഈ സമയപരിധി പാലിക്കാൻ സാധിച്ചില്ലെങ്കിൽ കരാർ റദ്ദാക്കാനോ അല്ലെങ്കിൽ പരമാവധി 30 ദിവസത്തേക്ക് കൂടി കാലാവധി നീട്ടി നൽകാനോ തൊഴിലുടമയ്ക്ക് അവകാശമുണ്ടായിരിക്കും. ഇത് റിക്രൂട്ട്മെന്റ് വൈകുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.
റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് ലൈസൻസ് ലഭിക്കുന്നതിനും പുതിയ കർശന മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഏജൻസികൾ 5,000 ഒമാനി റിയാൽ മന്ത്രാലയത്തിൽ ഗ്യാരന്റയായി കെട്ടിവെക്കണം. 300 റിയാൽ അടച്ച് രണ്ട് വർഷത്തെ കാലാവധിയുള്ള ലൈസൻസ് സ്വന്തമാക്കുകയും വേണം. ഏജൻസി ഉടമകളും പങ്കാളികളും ഒമാനി പൗരന്മാരായിരിക്കണം കൂടാതെ കുറഞ്ഞത് 23 വയസ്സ് പ്രായവുമുണ്ടായിരിക്കണം. ബിസിനസ് കൂടുതൽ സുതാര്യമാക്കാനും മേഖലയിൽ കൂടുതൽ ഉത്തരവാദിത്തം ഉറപ്പാക്കാനും ഈ പരിഷ്കാരങ്ങൾ വഴിയൊരുക്കും.
Content Highlights: