ഒമാനിൽ കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ; വിവിധ ഇടങ്ങളിൽ ശക്തമായ കാറ്റും ആലിപ്പഴ വർഷവും

പർവ്വത മേഖലകളിലൂടെയും താഴ്‌വരകളിലൂടെയും യാത്ര ചെയ്യുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ നിർദേശിച്ചിട്ടുണ്ട്

ഒമാനിൽ കനത്ത ചൂടിന് ആശ്വാസമായി വിവിധ ഗവർണറേറ്റുകളിൽ വേനൽമഴയെത്തി. പലയിടങ്ങളിലും മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശിയടിച്ചതോടെ അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറഞ്ഞു. എന്നാൽ, ശക്തമായ പൊടിക്കാറ്റും മഴയും കാരണം പല പ്രവിശ്യകളിലും റോഡുകളിലെ കാഴ്ചാപരിധി ഒട്ടുമിക്കവാറും തടസ്സപ്പെട്ടിട്ടുണ്ട്. സുരക്ഷിത യാത്ര ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും നിർദ്ദേശിച്ചു.

തലസ്ഥാനമായ മസ്കറ്റ് ഗവർണറേറ്റിൽ ഏതാനും ദിവസങ്ങളായി ചൂടിന് കാര്യമായ ശമനമുണ്ട്. ഇവിടെ രാവിലെയും വൈകീട്ടും ഇളം തണുപ്പുള്ള കാറ്റ് ലഭിച്ചു തുടങ്ങിയത് ജനങ്ങൾക്ക് ആശ്വാസമാകുന്നുണ്ട്. അതേസമയം, ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിന് കിഴക്കുള്ള വാദി അൽ ഐൻ പ്രദേശത്ത് കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെട്ടത്. രാജ്യത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ജബൽ ഷംസ് മേഖലയിലും കനത്ത മഴ രേഖപ്പെടുത്തി. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദർ പ്രദേശത്ത് മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി.

ദാഹിറ ഗവർണറേറ്റിലെ യാങ്കുൽ വിലായത്തിലും മുദൈബി വിലായത്തിലെ ബഅ്ദ് ഗ്രാമത്തിലും കഴിഞ്ഞദിവസം നല്ല രീതിയിൽ മഴ ലഭിച്ചു. പർവ്വത മേഖലകളിലൂടെയും താഴ്‌വരകളിലൂടെയും യാത്ര ചെയ്യുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ നിർദേശിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായി ശ്രദ്ധിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിലല്ലാതെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Content Highlights: After days of intense heat, several regions of Oman received summer rainfall, bringing much-needed relief. Authorities also reported strong winds and hail in some areas and advised residents to remain cautious during unstable weather conditions.

To advertise here,contact us