കുവൈറ്റിൽ അതികഠിനമായ ചൂട് തുടരും; ശനിയാഴ്ചയോടെ ഉയർന്ന താപനില 50 ഡിഗ്രിയിലെത്തിയേക്കും

വെള്ളിയാഴ്ച പകൽ സമയത്ത് കടുത്ത ചൂടോടൊപ്പം തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള അന്തരീക്ഷവും അനുഭവപ്പെടാം

കുവൈറ്റിൽ വരും ദിവസങ്ങളിലും അതികഠിനമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ന്യൂനമർദ്ദ മേഖലയുടെ സ്വാധീനം മൂലമാണ് കുവൈറ്റിൽ ചൂട് തുടരുക. വരുന്ന ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

വെള്ളിയാഴ്ച പകൽ സമയത്ത് കടുത്ത ചൂടോടൊപ്പം തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള അന്തരീക്ഷവും അനുഭവപ്പെടാം. തെക്കുകിഴക്കൻ ദിശയിൽ നിന്ന് ദിശമാറി വീശുന്ന കാറ്റിന്റെ വേഗത മണിക്കൂറിൽ എട്ട് മുതൽ 30 കിലോമീറ്റർ വരെയായിരിക്കും. ചില പ്രദേശങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമാകാൻ സാധ്യതയുണ്ട്. പകൽ സമയത്ത് ഉയർന്ന താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. രാത്രി സമയങ്ങളിൽ ചൂടിന് നേരിയ ആശ്വാസമുണ്ടാകുമെങ്കിലും കുറഞ്ഞ താപനില 28 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.

ശനിയാഴ്ചയോടെ താപനില വീണ്ടും ഉയരാനാണ് സാധ്യത. പകൽ സമയത്ത് ചൂട് കടുക്കുകയും ഉയർന്ന താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ എത്തുകയും ചെയ്തേക്കാം. രാത്രിയിലെ കുറഞ്ഞ താപനില 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. വരും ദിവസങ്ങളിൽ കടൽ താരതമ്യേന ശാന്തമായിരിക്കുമെങ്കിലും തീരദേശങ്ങളിൽ താമസിക്കുന്നവർ കടുത്ത ആർദ്രതയും ചൂടും നേരിടേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.

Content Highlights: Kuwait is expected to continue experiencing extreme heat, with the maximum temperature potentially reaching 50°C by Saturday. Residents are advised to remain cautious as high temperatures persist across the country.

To advertise here,contact us