കുടുംബങ്ങൾ താമസിക്കുന്നിടത്ത് ബാച്ചിലർമാർ വേണ്ട!; കർശന പരിശോധനകളുമായി കുവൈറ്റ് മുൻസിപ്പാലിറ്റി

നിയമലംഘനം നടത്തുന്ന കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കൽ, ഉടമകൾക്ക് പിഴ ചുമത്തൽ തുടങ്ങിയ കർശന നടപടികളിലേക്ക് അധികൃതർ കടന്നിട്ടുണ്ട്.

കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ നിന്ന് ബാച്ചിലർമാരായ പ്രവാസികളെ ഒഴിപ്പിക്കാനുള്ള നടപടികൾ ശക്തമാക്കി കുവൈറ്റ് മുൻസിപ്പാലിറ്റി. ഇതിനായി വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് സംയുക്ത പരിശോധനകൾ ഊർജിതമാക്കിയിരിക്കുകയാണ് അധികൃതർ. ഇത്തരം മേഖലകളിലെ താമസക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് നടപടി. നിയമലംഘനം നടത്തുന്ന കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കൽ, ഉടമകൾക്ക് പിഴ ചുമത്തൽ തുടങ്ങിയ കർശന നടപടികളിലേക്ക് അധികൃതർ കടന്നിട്ടുണ്ട്.

കുടുംബങ്ങൾ മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നത് നിരീക്ഷിക്കുന്നതിനായി രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പ്രത്യേക ഫീൽഡ് ടീമുകളെ രൂപീകരിച്ചു. നിലവിലുള്ള നിരീക്ഷണ സമിതിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഈ സംഘങ്ങൾ, പ്രദേശവാസികളുടെ സമാധാന അന്തരീക്ഷത്തിനും സാമൂഹിക വ്യവസ്ഥയ്ക്കും ആഘാതമുണ്ടാക്കുന്ന നിയമലംഘനങ്ങൾ തടയും. ബാച്ചിലർമാർ താമസിക്കുന്ന വീടുകൾ കണ്ടെത്തി നിരീക്ഷിക്കുക എന്നതാണ് പുതിയ സംഘങ്ങളുടെ പ്രധാന ചുമതല.

ആഭ്യന്തര മന്ത്രാലയം, ഊർജ്ജ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പരിസ്ഥിതി പൊതു അതോറിറ്റി എന്നിവയുമായി ചേർന്നാണ് മുൻസിപ്പാലിറ്റി ടീം പ്രവർത്തിക്കുന്നത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ ഈ ഏകോപനം സഹായിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

ഫീൽഡ് ടീമുകൾ സമർപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശ ഭരണകൂട ഉദ്യോഗസ്ഥർക്ക് സ്ഥിതിവിവരക്കണക്കുകൾ അടങ്ങിയ പ്രതിമാസ റിപ്പോർട്ടുകൾ കൈമാറും. ബാച്ചിലർമാർക്ക് വീടുകൾ വാടകയ്ക്ക് നൽകുന്ന ഉടമകൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. കേവലം മുന്നറിയിപ്പുകളിൽ ഒതുങ്ങാതെ, വൈദ്യുതി വിച്ഛേദിക്കുന്നത് അടക്കമുള്ള സാമ്പത്തിക, നിയമപരമായ ശിക്ഷാനടപടികൾ നടപ്പിലാക്കും. നിയമം കർശനമായി നടപ്പിലാക്കുകയാണ് ശക്തമായ നടപടികളുടെ അധികൃതർ ലക്ഷ്യമിടുന്നത്.

Content Highlights: Kuwait Municipality has launched stricter inspections in residential areas designated for families, focusing on accommodation violations involving bachelors. The move aims to enforce housing regulations and preserve the residential nature of family neighbourhoods.

To advertise here,contact us